ഹോർമുസ് കടലിടുക്കിൽ അഡ്‌നോക് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം; ഒരാഴ്ചയ്ക്കിടെ രണ്ടാം സംഭവം

ഹോർമുസ് കടലിടുക്കിൽ അബുദാബി നാഷണൽ ഓയിൽ കമ്പനിയായ അഡ്‌നോക്കിന്റെ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം. ഓഗസ്റ്റ് 13 ന് വൈകുന്നേരം രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണുണ്ടായതായി അഡ്‌നോക് സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. അതേസമയം, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ സൈന്യവും തമ്മിൽ വാക്‌പോരും രൂക്ഷമായി.

വ്യാഴാഴ്ചയാണ് അഡ്‌നോക്കിന്റെ രണ്ട് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടായത്. സംഭവത്തിൽ ആളപായമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കമ്പനി അറിയിച്ചു. ഓഗസ്റ്റ് 8-നും അഡ്‌നോക് കപ്പലിന് നേരെ ആക്രമണം നടന്നിരുന്നു. മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആക്രമിക്കപ്പെട്ട അഡ്‌നോക് കപ്പലുകളുടെ ആകെ എണ്ണം ഇതോടെ 17 ആയി ഉയർന്നു. ആക്രമണങ്ങളിൽ ഇതുവരെ ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള തർക്കം മുറുകുകയാണ്. ഹോർമുസ് കടലിടുക്കിൽ യു.എസിന് പൂർണ്ണ നിയന്ത്രണമുണ്ടെന്നും അമേരിക്കൻ നാവിക ഉപരോധം ഒരു ‘ഉരുക്ക് മതിൽ’ പോലെ ഉറച്ചുനിൽക്കുകയാണെന്നും ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.എന്നാൽ ട്രംപിന്റെ അവകാശവാദങ്ങൾ നുണയാണെന്ന് ഇറാൻ സൈന്യം തിരിച്ചടിച്ചു. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും ഇറാന്റെ നിയന്ത്രണത്തിലാണെന്നും തങ്ങളുടെ അനുമതിയില്ലാതെ ഒരു വാണിജ്യ കപ്പലിനും ഇതിലൂടെ കടന്നുപോകാനാകില്ലെന്നും ഇറാന്റെ സൈനിക കമാൻഡ് വക്താവ് ഇബ്രാഹിം സോൾഫാഗാരി വ്യക്തമാക്കി. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് നാവിഗേഷൻ ഫീസ് ഈടാക്കാനാണ് ഇറാന്റെ നീക്കം.

നാവികരുടെ സുരക്ഷയും കടൽയാത്രാ സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് യുഎഇ വ്യക്തമാക്കി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അഡ്‌നോക് കമ്പനി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights