ഉത്തര്‍പ്രദേശിലെ തിരംഗ യാത്ര; താപനില 40 ഡിഗ്രി, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ലഖ്‌നൗ: യുപിയിലെ ദിയോറിയയിൽ തിരംഗ യാത്രക്കിടയില്‍ 40ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നാല്‍പത് ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് യാത്ര നടന്നത്. വയ്യാതായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം. തീവ്രമായ ചൂടും അധികനേരം വെയിലത്ത് നിന്നതും മൂലമാണ് കുട്ടികള്‍ ക്ഷീണിതരായതെന്ന് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മാര്‍ച്ചിനിടയില്‍ കുട്ടികളില്‍ പലരും തലകറങ്ങുതായി പറഞ്ഞിരുന്നു. റാലി അവസാനിക്കുന്ന സ്റ്റേഡിയത്തിലെത്തിയപ്പോഴാണ് കുട്ടികളില്‍ പലരും ബോധരഹിതരായത്.പിന്നാലെ ആംബുലന്‍സുകളെത്തി വിദ്യാര്‍ത്ഥികളെ മഹര്‍ഷി ദേവ്‌രാഹ ബാബ ഓട്ടോണോമസ് സ്‌റ്റേറ്റ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിന്നാലെ ജില്ലാ മജിസ്‌ട്രേറ്റ് മധുസൂദന്‍ ഹുല്‍ഗി അടക്കമുള്ള ഉദ്യോഗസ്ഥർ കുട്ടികളെ സന്ദര്‍ശിച്ചു. രാവിലെ റാലി തുടങ്ങുമ്പോള്‍ ഊര്‍ജ്ജസ്വലരായിരുന്ന വിദ്യാര്‍ത്ഥികള്‍ അതില്‍ പങ്കെടുക്കുന്നതിന്റെ ആവേശത്തില്‍ വെള്ളം കുടിക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയില്ല. പക്ഷേ കുട്ടികളെ അതില്‍ കുറ്റം പറയാന്‍ കഴിയില്ല. പുറത്ത് നല്ല ചൂടായിരുന്നു. അതാണ് കാര്യങ്ങള്‍ വഷളാവാന്‍ കാരണം എന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് പ്രതികരിച്ചത്.രാവിലെ 11മണിക്ക് ആരംഭിച്ച തിരംഗ യാത്രയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നും 5000ത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. അതേസമയം ചില കുട്ടികള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടെന്നും ഓക്‌സിജന്‍ നല്‍കാന്‍ ആശുപത്രികളിലും സംവിധാനമുണ്ടായില്ലെന്നും ആരോപണം ഉയരുന്നുണ്ട്. യാത്രയ്ക്കായി പെണ്‍കുട്ടികളെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് സ്‌കൂളില്‍ നിന്നും പുറത്തിറക്കിയെന്നും പരാതിയുണ്ട്. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights