വാഷിങ്ടണ്‍: അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാഗര്‍ അദാനി എന്നിവര്‍ക്കും അവരുടെ സഹപ്രവര്‍ത്തകനായ വിനീത് ജെയിനിനുമെതിരായ എല്ലാ ക്രിമിനല്‍ കേസുകളും യുഎസ് കോടതി തള്ളി. യുഎസ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കോടതിയുടെ നടപടി. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട നീണ്ട കാലത്തെ നിയമനടപടികളാണ് യുഎസ് കോടതി തിങ്കളാഴ്ച വിരാമമിട്ടത്. അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ച നിക്ഷേപ വാഗ്ദാനം നീതിന്യായ വകുപ്പിന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി അദാനിക്കെതിരായ കുറ്റാരോപണങ്ങള്‍ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. കുറ്റാരോപണങ്ങള്‍ ഒഴിവാക്കാനുള്ള ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുടെ തീരുമാനങ്ങള്‍ പരിശോധിക്കുന്നതില്‍ ജഡ്ജിമാര്‍ക്ക് പരിമിതമായ പങ്കേയുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ സൗരോര്‍ജ്ജ കരാറുകളുമായി ബന്ധപ്പെട്ട കൈക്കൂലി ഇടപാടുകളും, അതുവഴി യുഎസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണവുമാണ് ഗൗതം അദാനിക്കും മറ്റുള്ളവര്‍ക്കുമെതിരായ കേസില്‍ ഉന്നയിക്കപ്പെട്ടത്. ഈ വര്‍ഷം മെയ് മാസത്തില്‍ യുഎസ് നീതിന്യായ വകുപ്പ് (ഡിഒജെ) ഈ കുറ്റാരോപണങ്ങള്‍ തള്ളിക്കളയാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് കോടതി വകുപ്പിനോട് മറുപടി തേടുകയുണ്ടായി. നീതിന്യായ വകുപ്പിന്റെ നിലപാട് ഉറപ്പിക്കുന്നതാണ് ഈ മറുപടി എന്നതിനാല്‍, കോടതി ആ നിലപാട് തന്നെ അംഗീകരിക്കാനാണ് സാധ്യതയെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തിയിരുന്നു.അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കും മറ്റ് പ്രതികള്‍ക്കുമെതിരായ ക്രിമിനല്‍ കേസ് ‘ഒരിക്കലും ഫയല്‍ ചെയ്യപ്പെടാന്‍ പാടില്ലാത്തതായിരുന്നു’ എന്ന് യുഎസ് നീതിന്യായ വകുപ്പ് (ഡിഒജെ) ജൂലൈ 4ന് കോടതിയെ അറിയിച്ചിരുന്നു. നിയമപരമായി ദുര്‍ബലവും ഇന്ത്യയെ കേന്ദ്രീകരിച്ചുള്ളതുമായ ഈ കേസ് ഇനി നീതിയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഉതകുന്നതല്ലെന്നും ചൂണ്ടിക്കാട്ടി. എല്ലാ കുറ്റാരോപണങ്ങളും സ്ഥിരമായി തള്ളിക്കളയണമെന്ന് വകുപ്പ് കോടതിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ്, യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച വിശദമായ രേഖയില്‍, കേസ് പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്ന തങ്ങളുടെ മുന്‍ തീരുമാനത്തില്‍ നീതിന്യായ വകുപ്പ് ഉറച്ചുനിന്നു. ഈ തീരുമാനത്തിന്മേല്‍ കോടതി കൂടുതല്‍ വിശദീകരണം തേടിയ സാഹചര്യത്തിലായിരുന്നു വകുപ്പിന്റെ ഈ നടപടി. സമഗ്രമായ പരിശോധനയ്ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും, അതൊരു പ്രയാസകരമായ തീരുമാനമായിരുന്നില്ലെന്നും വകുപ്പ് വ്യക്തമാക്കി.
ഈ കേസിന് ഇന്ത്യയുമായി വലിയ തോതില്‍ ബന്ധമുണ്ടെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി. ‘ഇന്ത്യയിലുള്ള ഇന്ത്യക്കാര്‍ക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള കരാറുകള്‍ നേടുന്നതിന്, മറ്റ് ഇന്ത്യക്കാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന നിരവധി ഇന്ത്യക്കാര്‍’ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു ഇതിനെ സാധൂകരിക്കുന്ന ഡിഒജെ പരാമര്‍ശം. ‘അമേരിക്കയുടെ ഈ നീക്കം നയതന്ത്രപരമായ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്നും, ആഭ്യന്തര കാര്യങ്ങള്‍ക്കായി വിനിയോഗിക്കാവുന്ന വിഭവങ്ങള്‍ പാഴാകുന്നതിന് ഇത് കാരണമാകുമെന്നും ഡിഒജെ കൂട്ടിച്ചേര്‍ത്തു. ബ്രൂക്ക്ലിനിലെയും വാഷിംങ്ടണിലെയും പ്രോസിക്യൂട്ടര്‍മാരേക്കാള്‍ മികച്ച രീതിയില്‍ ഇന്ത്യയ്ക്ക് സ്വന്തം ആഭ്യന്തര സംവിധാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും എന്നും ഡിഒജെ വ്യക്തമാക്കി.









