ജയ്പുര്‍ന്മ ജയിലില്‍ വച്ച് കണ്ടുമുട്ടി പ്രണയത്തിലായ കൊലക്കേസ് പ്രതികള്‍ പരോളില്‍ പുറത്തിറങ്ങി വിവാഹിതരായി. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്നു പ്രിയ സേഠ് എന്ന നേഹ സേഠ്. അഞ്ചുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഹനുമാന്‍ പ്രസാദ്. ഇരുവര്‍ക്കും വിവാഹിതരാകാന്‍ രാജസ്ഥാന്‍ ഹൈക്കോടതി 15 ദിവസത്തെ അടിയന്തര പരോള്‍ നല്‍കി. ഇന്ന് ആല്‍വാറിലെ ബരോദാമേവില്‍ ആയിരുന്നു വിവാഹം.
മോഡല്‍ ആയി ജോലി ചെയ്യുകയായിരുന്നു പ്രിയ സേഠ്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സാന്‍ഗനെര്‍ തുറന്ന ജയിലിലാണ് പ്രിയ. അതേ ജയിലില്‍ വച്ച് ആറുമാസം മുന്‍പാണ് പ്രിയ ഹനുമാന്‍ പ്രസാദിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.
കാമുകന്റെ കടംവീട്ടാന്‍ പ്രിയയുടെ കൊലപാതകം
2018 മേയ് 2നാണ് പ്രിയ ദുഷ്യന്തിനെ കൊലപ്പെടുത്തിയത്. കാമുകനായ ദിക്ഷന്ത് കമ്രയുടെ കടങ്ങള്‍ വീട്ടാന്‍ ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയി പണം കൈക്കലാക്കാനായിരുന്നു പദ്ധതി. അതുപ്രകാരം ടിന്‍ഡര്‍ ആപ്പിലൂടെ ദുഷ്യന്തുമായി അടുപ്പം സ്ഥാപിച്ചു. ബജാജ് നഗറിലെ ഫ്‌ലാറ്റിലേക്കു ക്ഷണിച്ചു. പിന്നാലെ ദുഷ്യന്തിന്റെ പിതാവിനെ വിളിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. അവര്‍ മൂന്നു ലക്ഷം നല്‍കി. എന്നാല്‍ ദുഷ്യന്തിനെ വിട്ടയച്ചാല്‍ പൊലീസ് അന്വേഷണം വരുമെന്ന ഭയത്തില്‍ പ്രിയയും ദിക്ഷന്തും കൊലപാതകം നടത്തുകയായിരുന്നു. ഇവര്‍ക്കൊപ്പം ദിക്ഷന്തിന്റെ സുഹൃത്ത് ലക്ഷ്യ വാലിയയും ഉണ്ടായിരുന്നു. പിന്നീട് മൃതദേഹം സ്യൂട്ട്‌കെയ്‌സില്‍ ആമെര്‍ കുന്നുകളില്‍ ഉപേക്ഷിച്ചു. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് അനേകം തവണ കുത്തിപ്പരുക്കേല്‍പ്പിച്ചിരുന്നു. പിന്നാലെ തെളിവു നശിപ്പിക്കാന്‍ ഫ്‌ലാറ്റ് വൃത്തിയാക്കുകയും ചെയ്തു. മേയ് മൂന്നിന് രാത്രി ആമെര്‍ കുന്നുകളില്‍നിന്ന് ദുഷ്യന്തിന്റെ മൃതദേഹം കണ്ടെടുത്തു. പിന്നാലെ മൂവരെയും അറസ്റ്റ് ചെയ്തു.








