ബംഗളുരു: ഓണക്കാലത്ത് നാട്ടിലെത്താനുള്ള മലയാളികളുടെ യാത്രാപ്രതിസന്ധി തുടരുന്നതിനിടെ ആശ്വാസ നടപടിയുമായി കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍. ഓഗസ്റ്റ് 22 മുതല്‍ ഉത്രാടത്തലേന്നു വരെ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് 150 സ്‌പെഷല്‍ സര്‍വീസുകള്‍ കര്‍ണാടക ആര്‍ടിസി പ്രഖ്യാപിച്ചു.കര്‍ണാടകയുടെ ചുമതല കൂടിയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയുടെ ഇടപെടലോടെയാണ് സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ആദ്യം 60 ബസുകളാണ് പ്രഖ്യാപിച്ചത്. യാത്രാക്ലേശം പരിഗണിച്ച് 90 സര്‍വീസുകള്‍ കൂടി അധികമായി ഓടിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ഇതുകൊണ്ടുമാത്രം ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കപ്പെടില്ല. ട്രെയിന്‍ യാത്രക്കാര്‍ പ്രത്യേക വണ്ടിക്കായി ആവശ്യമുന്നയിച്ചെങ്കിലും റെയില്‍വേ അനുകൂല തീരുമാനം സ്വീകരിച്ചിട്ടില്ല. ഹുബ്ബള്ളിയില്‍ നിന്ന് കൊല്ലത്തേക്കും കോട്ടയത്തേക്കും ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്കും മാത്രമാണ് റെയില്‍വേ അധിക സര്‍വീസ് നടത്തുക.









