മുംബൈ : പന്‍വേലിലെ വിജനമായ തെരുവില്‍ അയാള്‍ അഗര്‍ബത്തികള്‍ കത്തിച്ചുവച്ചു. ആത്മാക്കളെ എങ്ങനെ വിളിച്ചുവരുത്താം എന്നതിനെക്കുറിച്ചുള്ള യൂട്യൂബ് വിഡിയോകള്‍ കണ്ടു. താന്‍ ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പു കൊലപ്പെടുത്തിയ യുവതിയുടെ ആത്മാവിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുട്ടിലേക്ക് നോക്കി മാപ്പിരന്നു. ഇതൊരു കഥയല്ല, ഇന്‍ഡോറിലെ ദ്വാരകാപുരിയില്‍ എംബിഎ വിദ്യാര്‍ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി പീയൂഷ് ധംനോതിയയുടെ പെരുമാറ്റമാണിതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ദിവസത്തെ പൊലീസ് റിമാന്‍ഡിലുള്ള ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ നഗരത്തെ നടുക്കിയിരിക്കുകയാണ്.
ഫെബ്രുവരി 10ന് വിദ്യാര്‍ഥിനിയോടൊപ്പം പീയൂഷ് വീട്ടിലെത്തുന്നതു സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഏകദേശം രണ്ടര മണിക്കൂറിനു ശേഷം ഒരു ബാഗുമായി പീയുഷ് തനിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മുറിക്കുള്ളില്‍ നടന്നത് ആസൂത്രിതമായ കാര്യങ്ങളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പീയൂഷ് യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ശാരീരിക അസ്വസ്ഥതകള്‍ പറഞ്ഞ് യുവതി അത് വിസമ്മതിച്ചെങ്കിലും പീയുഷ് നിര്‍ബന്ധിച്ചു. തുടര്‍ന്ന് ഒരു സമ്മാനം നല്‍കാനെന്ന വ്യാജേന യുവതിയുടെ കൈകാലുകള്‍ കയര്‍ ഉപയോഗിച്ച് കെട്ടിയിടുകയും കണ്ണുകള്‍ മൂടിക്കെട്ടുകയും ചെയ്തു. യുവതി എതിര്‍ത്തപ്പോള്‍ വായയില്‍ തുണി തിരുകുകയും നെഞ്ചില്‍ കയറി ഇരുന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശ്വാസം നിലച്ചുവെന്ന് ഉറപ്പായപ്പോള്‍ നെഞ്ചിനു സമീപം കത്തികൊണ്ട് കുത്തി. കുത്തിന്റെ ആഘാതത്തില്‍ കത്തി ഒടിഞ്ഞുപോയിരുന്നു.
കൊലപാതകത്തിനു ശേഷവും പീയുഷ് മുറിയില്‍ തുടര്‍ന്നു. പുറത്തുപോയി മദ്യം വാങ്ങിക്കൊണ്ടുവന്ന് മൃതദേഹത്തിനടുത്തിരുന്ന് മദ്യപിച്ചു. മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചതായും വസ്ത്രങ്ങള്‍ മാറി അവിടെനിന്ന് രക്ഷപ്പെട്ടതായും ചോദ്യം ചെയ്യലില്‍ പീയുഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവദിവസം രാവിലെ ആധാര്‍ കാര്‍ഡിലെ തെറ്റ് തിരുത്താനെന്നു പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്. രാത്രി 11 മണിയോടെ യുവതിയുടെ ഫോണില്‍ നിന്ന് ‘അവള്‍ വീട്ടിലേക്ക് തിരിച്ചുവരില്ലെന്ന് പപ്പയോട് പറയൂ’ എന്നൊരു സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു. പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് യുവതിയുടെയും യുവാവിന്റെയും സ്വകാര്യ വിഡിയോകള്‍ കോളജ് ഗ്രൂപ്പുകളിലും യുവതിയുടെ വാട്‌സാപ്പ് സ്റ്റാറ്റസായും പ്രചരിച്ചു.
കൊലപാതകത്തിനു ശേഷം മുംബൈയിലേക്ക് കടന്ന പീയൂഷ് പന്‍വേലിലെ ഹോട്ടലുകളില്‍ താമസിച്ചു. തെളിവ് നശിപ്പിക്കാനായി യുവതിയുടെ ഫോണ്‍ തകര്‍ത്തു. പന്‍വേലില്‍ വച്ച് പീയുഷ് മന്ത്രവാദം നടത്താന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടതാണ് പൊലീസിനെ അത്ഭുതപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം മാനസികമായി തകര്‍ന്ന പീയുഷ് പെണ്‍കുട്ടിയുടെ ആത്മാവിനോട് സംസാരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഇന്‍ഡോര്‍ ഡിസിപി കൃഷ്ണലാല്‍ ചാന്ദ്നി പറഞ്ഞു. വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ യുവതി മറ്റൊരു വ്യക്തിയുമായി ഡേറ്റിങ് ആപ്പിലൂടെ സംസാരിക്കുന്നത് കണ്ടതിലുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്നും പ്രതി മൊഴി നല്‍കി. ഫൊറന്‍സിക് സംഘം ഡിജിറ്റല്‍ തെളിവുകളും സിസിടിവി ദൃശ്യങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച വസ്തുക്കളും വിശദമായി പരിശോധിച്ചുവരികയാണ്.









