കേരളം വിധിയെഴുതുന്നു, വോട്ടെടുപ്പ് തുടങ്ങി; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ആറേകാലോടെ മോക് പോളിങ്ങ് നടത്തി. തുടര്‍ന്നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ മുതല്‍ തന്നെ വോട്ടു ചെയ്യാനായി പോളിങ് ബൂത്തുകളില്‍ നീണ്ട നിരയുണ്ട്. പറവൂരിലെ കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ കോളജിലെ ബൂത്തിലെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രാവിലെ തന്നെ എത്തി വോട്ടു രേഖപ്പെടുത്തി. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമെത്തിയാണ് സതീശന്‍ വോട്ടു ചെയ്തത്.
തിരുവനന്തപുരം മുടവന്‍മുഗളിലെ സ്‌കൂളില്‍ നടന്‍ മോഹന്‍ലാല്‍ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥനും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയും മോഹന്‍ലാലിനൊപ്പം രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി. അമ്പലപ്പുഴയിലെ യുഡിഫ് പിന്തുണയുള്ള സ്വതന്ത്രന്‍ ജി സുധാകരനും ഭാര്യയ്‌ക്കൊപ്പമെത്തി വോട്ടു ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് ?ഗോപി ?ഗുരുവായൂരില്‍ വോട്ടു ചെയ്തു. മന്ത്രി മുഹമ്മദ് റിയാസ് അടക്കം നിരവധി പ്രമുഖര്‍ രാവിലെ വോട്ടു ചെയ്തവരില്‍പ്പെടുന്നു.
പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് കേരളം ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. 883 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തില്‍ 53984 സര്‍വീസ് വോട്ടര്‍മാര്‍ ഉള്‍പ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. വോട്ടെടുപ്പിനായി 30495 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
ഇതില്‍ പ്രശ്‌നബാധിത ബൂത്തുകള്‍ 2040 ആണ്. വോട്ടെടുപ്പിനായി 1.46 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോളിങ് കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 76000ത്തിലധികം പോലീസുകാര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നിയന്ത്രിക്കും. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷന്‍ സബ്ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേത്യത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി തുടര്‍ഭരണം പ്രതീക്ഷിക്കുകയാണ് ഇടതുമുന്നണി. എന്നാല്‍, സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരം അനുകൂലമാകുമെന്നും ഭരണമാറ്റം ഉണ്ടാകുമെന്നുമാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. വീണ്ടും അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ മുന്നണി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights