‘മകന് ന്യായവിചാരണ ലഭിക്കില്ല’; ‘കാലം പറഞ്ഞ കഥ’ സിനിമയുടെ റിലീസ് മാറ്റണം; ഹൈക്കോടതിയെ സമീപിച്ച് അഫാന്റെ പിതാവ്

കൊച്ചി: ‘കാലം പറഞ്ഞ കഥ’ സിനിമയുടെ റിലീസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് എച്ച്. അബ്ദുള്‍ റഹീമാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമ വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയെന്നാണ് ആരോപണം. വിചാരണ നടക്കാനിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്നാണ് ആവശ്യം.കാലം പറഞ്ഞ കഥ’ ഈ മാസം റിലീസ് ചെയ്യാനിരിക്കെയാണ് പിതാവ് കോടതിയെ സമീപിച്ചിരിക്കുന്നത്. സിനിമയുടെ പ്രഖ്യാപനത്തിനു ശേഷം ഒട്ടേറെ സമൂഹമാധ്യമ പോസ്റ്റുകളാണ് കുറ്റാരോപിതനെ കുറ്റക്കാരനെന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. കേസില്‍ വിചാരണ പോലും തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത്തരമൊരു സിനിമ റിലീസ് ചെയ്യുന്നത് മകന് ന്യായവിചാരണ ലഭിക്കാനുള്ള അവകാശത്തെ ഹനിക്കലാകും, അത് മാധ്യമവിചാരണയ്ക്കും മുന്‍വിധിക്കും കാരണമാകുമെന്ന് ഹര്‍ജിയില്‍ പറയുന്നു.സിനിമ ഇപ്പോള്‍ പുറത്തു വരുന്നത് സാക്ഷികളെ സ്വാധീനിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിചാരണ തീരുന്നതുവരെ സിനിമയ്ക്കും കേസിനെപ്പറ്റിയുള്ള മറ്റു ദൃശ്യ-ശ്രാവ്യ ഉള്ളടക്കങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24നാണ് അഫാന്‍ അഞ്ച് പേരെ കൊലപ്പെടുത്തിയത്. കേരളം ഞെട്ടിയ കൂട്ടക്കൊലപാതകമായിരുന്നു വെഞ്ഞാറമൂട് നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്സാന്‍, സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാതാവ് ഷെമി ദീര്‍ഘനാളത്തെ ചികിത്സയ്ക്കു ശേഷമാണ് രക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights