കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്.
മലപ്പുറത്ത് തിരൂരങ്ങാടി ചെമ്മാട് ആണ് പരിശോധന നടക്കുന്നത്. ഫെബ്രുവരി ഏഴിനാണ് ഇവിടെ സ്‌ഫോടക വസ്തു ശേഖരവുമായി ഒരു ലോറിയെത്തുന്നത്. ഹോളോ ബ്രിക്‌സ് വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലാണ് ലോറി എത്തിയത്. ലോറിയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുന്നതിനിടെ, പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കളാണ് എന്ന് വ്യക്തമാകുന്നത്. ഉള്ളിച്ചാക്കിന് താഴെ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍. ഇതിന്റെ സ്രോതസ് തേടിയുള്ള അന്വേഷണത്തിലാണ് മുക്കത്തുള്ള ഹാരിസ് ആണ് ഇതിന്റെ പിന്നിലെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് ഈ കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. ലോറി ഉടമ, ലോറി ഉടമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആളുകള്‍, ഹോളോബ്രിക്‌സ് വില്‍പ്പന നടത്തുന്ന സ്ഥാപന ഉടമ തുടങ്ങിയ ആളുകളുടെ വീടുകളിലും പരിസരങ്ങളിലുമാണ് പരിശോധന നടക്കുന്നത്.കോഴിക്കോട് മുക്കത്താണ് പരിശോധന നടക്കുന്നത്. ഹാരിസിന്റെ വീട്ടിലും സ്ഥാപനത്തിലുമാണ് പരിശോധന നടക്കുന്നത്. സ്‌ഫോടക വസ്തു പിടിച്ച കേസിലെ ഒന്നാം പ്രതിയാണ് ഹാരിസ്. ഹാരിസ് നിലവില്‍ ഒളിവിലാണ്. ഹാരിസിന്റെ ഹോളി ബ്രിക്‌സ് സ്ഥാപനങ്ങളിലും വീട്ടിലും ഒരേസമയത്താണ് പരിശോധന നടത്തിയത്.
തിരൂരങ്ങാടി പൊലീസ് ആണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് അന്ന് ചിലരെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടക വസ്തു പിടിച്ച കേസില്‍ മൊത്തം ഏഴു പ്രതികളാണ് ഉള്ളത്. ആറുപേരെയാണ് അന്ന് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോള്‍ ക്വാറിയിലേക്ക് കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കളാണ് എന്നാണ് മൊഴി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ ഇവരില്‍ ആര്‍ക്കും ക്വാറി ലൈസന്‍സ് ഇല്ലായെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോയത്.കണ്ണൂരില്‍ ചെറുപുഴയിലും കാസര്‍കോട് ചിറ്റാരിക്കലിലുമാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് എന്‍ഐഎ സംഘം പരിശോധനക്കെത്തിയത്. ചിറ്റാരിക്കലില്‍ നടത്തിയ പരിശോധനയിലാണ് ജലാസ്റ്റിന്‍ സ്റ്റിക് അടക്കം പിടികൂടിയത്. ജോര്‍ജ് എന്ന വ്യക്തിയുടെ വീട്ടില്‍ നിന്നാണ് ജലാസ്റ്റിന്‍ സ്റ്റിക് പിടികൂടിയത് എന്നാണ് പൊലീസ് പറയുന്നത്. ചെറുപുഴയില്‍ ചുണ്ട സ്വദേശിയുടെ വീട്ടിലും മുന്‍ ക്വാറി ഉടമയുടെ ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ വീട്ടിലുമാണ് എന്‍ഐഎ സംഘം എത്തിയത്.









