സ്‌കൂട്ടറിൽ കറങ്ങി നടന്ന് പെൺകുട്ടികളെ കടന്നുപിടിക്കും; എത്തുന്നത് ഹെൽമറ്റും മാസ്‌കുമിട്ട്, വലവിരിച്ച് പൊലീസ്

കൊല്ലം: സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നുപിടിക്കുന്ന അജ്ഞാതനെ ഭയന്ന് നാട്ടുകാർ. കൊല്ലം റൂറല്‍ പൊലീസിന്റെ പരിധിയില്‍ വരുന്ന മൂന്നിടങ്ങളിലാണ് പെണ്‍കുട്ടികള്‍ക്കു നേരെ ആക്രമണമുണ്ടായത്. ആളൊഴിഞ്ഞ, നിരീക്ഷണ ക്യാമറകളില്ലാത്ത സ്ഥലത്തുവെച്ചാണ് പ്രതി പെണ്‍കുട്ടികളെ കടന്നുപിടിക്കുന്നത്.

സ്‌കൂള്‍ പ്രവേശനോത്സവ ദിവസം ശൂരനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചക്കുവള്ളി-മലനട റോഡില്‍ ബസിറങ്ങി നടന്നു വരികയായിരുന്ന വിദ്യാര്‍ഥിനിയെ ഇയാള്‍ കടന്നുപിടിച്ചു. ഇരുവശവും മതിലുള്ള ചെറിയ റോഡിലൂടെ പെണ്‍കുട്ടി ഒറ്റയ്ക്ക് പോകുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ച് നൂറ് മീറ്ററോളം മുന്നോട്ടു പോയ ശേഷം തിരികെ വന്നായിരുന്നു ആക്രമണം. ഇതേദിവസം തന്നെ കിഴക്കേ കല്ലടയില്‍ സമാനരീതിയില്‍ മറ്റൊരു പെണ്‍കുട്ടിയും ആക്രമണത്തിനിരയായി.കഴിഞ്ഞ ദിവസം ശാസ്താംകോട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പടിഞ്ഞാറേകല്ലട തോപ്പില്‍ കടവില്‍ ഉച്ചയ്ക്ക് സൈക്കിളില്‍ വന്ന വിദ്യാര്‍ഥിനിയും ആക്രമണത്തിനിരയായി. സ്‌കൂട്ടറില്‍ പിന്നാലെയെത്തി സൈക്കിള്‍ ഇടിച്ചിട്ട ശേഷമായിരുന്നു ആക്രമണം.

നിലവിളിച്ചുകൊണ്ട് സമീപത്തെ വീട്ടിലേക്ക് പെണ്‍കുട്ടി ഓടിക്കയറിയതോടെ ഇയാള്‍ കടന്നുകളഞ്ഞു. ഹെല്‍മറ്റിട്ട് മാസ്‌ക് ധരിച്ചാണ് അജ്ഞാതന്‍ എത്തിയതെന്നും മാല പൊട്ടിക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു.കേസുകള്‍ കൂടിവരുമ്പോഴും പ്രതിയെക്കുറിച്ച് കൃത്യമായ സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. നീല സ്‌കൂട്ടറില്‍ എത്തുന്ന പ്രതി വ്യാജ രജിസ്‌ട്രേഷന്‍ നമ്പരാണ് പതിച്ചിട്ടുള്ളതെന്നും സംശയിക്കുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights