സിജെപി സമരം 17-ാം ദിവസത്തിലേക്ക് കടന്നു; കുലുങ്ങാതെ കേന്ദ്രം; വാങ്ചുക്കിന്റെ ശരീരഭാരം ആറ് കിലോ കുറഞ്ഞു

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി ജന്തര്‍ മന്തറില്‍ നടത്തുന്ന സമരം പതിനേഴാം ദിവസത്തിലേക്ക് കടന്നു. ജൂണ്‍ 20നായിരുന്നു ജന്തര്‍ മന്തറിൽ സിജെപി പ്രവര്‍ത്തകര്‍ സമരം ആരംഭിച്ചത്. സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും കേന്ദ്രത്തിന് യാതൊരു കുലുക്കവുമില്ല. ഇതിനിടെ സിജെപി വേദിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. ഈ ദിവസങ്ങള്‍ക്കിടെ സോനം വാങ്ചുക്കിന്റെ ശരീരഭാരം ആറ് കിലോ കുറഞ്ഞെന്നാണ് റിപ്പോർട്ട്.

സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയിരുന്നു. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുന്നതായാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. വാങ്ചുക്കിന്റെ ഹൃദയമിടിപ്പ് സാധാരണനിലയിലാണെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വാങ്ചുക്കിന്റെ ശരീരഭാഗം ആറ് കിലോ കുറഞ്ഞ് 60.95 കിലോഗ്രാം ആയി.ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കാതെ പിന്നോട്ടില്ലെന്നാണ് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും വാങ്ചുക്കും ആവര്‍ത്തിക്കുന്നത്. സമരക്കാരുടെ ശബ്ദത്തെ എത്രനാള്‍ അവഗണിക്കാന്‍ കഴിയുമെന്ന് ദീപ്‌കെ ചോദിച്ചു. വാങ്ചുക്കിനെപ്പോലെ ജീവിതം രാജ്യത്തിനായി സമര്‍പ്പിച്ച വ്യക്തി ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ സര്‍ക്കാരില്‍ നിന്ന് മറുപടി ലഭിക്കേണ്ടതാണെന്നും ദീപ്‌കെ പറഞ്ഞു.

ഇക്കഴിഞ്ഞ ശനിയാഴ്ച സിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചിരുന്നു. വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് സിജെപി കത്തില്‍ ചോദിച്ചു. തങ്ങളുടെ ശബ്ദത്തെ എത്രനാള്‍ അവഗണിക്കാന്‍ കഴിയുമെന്നും കത്തില്‍ ചോദിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സിജെപി മുന്‍പും കത്തയച്ചിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു അന്ന് സിജെപി കത്തയച്ചത്. ധർമ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിരുന്നു.

അതിനിടെ സിജെപിക്കും വാങ്ചുക്കിനും പിന്തുണയുമായി നിരവധി പേര്‍ ജന്തര്‍ മന്തറിലേക്ക് എത്തുന്നുണ്ട്. നീറ്റ് ചോദ്യപേപ്പർ ചോര്‍ച്ചയെ തുടര്‍ന്ന് ജീവനൊടുക്കിയ ഉത്തരാഖണ്ഡ് സ്വദേശിനി റിയാ കുമാരിയുടെ പിതാവും കാര്‍ഗില്‍ യുദ്ധ പോരാളിയുമായ മുന്‍സൈനികന്‍ രാജേഷ് ഥാപ്പ ഞായറാഴ്ച സമരപ്പന്തലില്‍ എത്തിയിരുന്നു. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പിഴവാണ് മകളുടെ മരണകാരണമെന്ന് ഥാപ്പ പറഞ്ഞു. മറ്റൊരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സമരത്തിന് പിന്തുണയുമായി രാജ്യസഭാ എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, സിപിഐ നേതാവ് ആനി രാജ അടക്കമുള്ളവര്‍ സമരപ്പന്തലില്‍ എത്തിയിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ ആറ് നേതാക്കളും തൊട്ടടുത്തുള്ള സമരവേദിയില്‍ നിരാഹാരം തുടരുന്നുണ്ട്. ഇതില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ജോയിന്റ് സെക്രട്ടറി ഡാനിഷ് അലിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശനിയാഴ്ച ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights