ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾഡൻ ബൂട്ട് പോരാട്ടത്തിനാണ് ഇപ്പോൾ ആരാധകർ സാക്ഷ്യം വഹിക്കുന്നത്. 7 ഗോൾ വീതം നേടി അർജന്റീന ഇതിഹാസ ലയണൽ മെസി, ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ, നോർവെ സൂപ്പർ താരം ർലിങ് ഹാളണ്ട് എന്നിവർ ഒപ്പത്തിനൊപ്പം നിൽക്കുന്നു. മൂവർക്കും തൊട്ടുപിന്നിലായി 6 ഗോളുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നുമുണ്ട്.
ലോകകപ്പ് ചരിത്രത്തിൽ ഇന്നേവരെ കാണാത്ത അപൂർവ ഗോൾ വേട്ടയാണ് സംഭവിക്കുന്നത്. ഇത് റെക്കോർഡായി മാറുകയും ചെയ്തിട്ടുണ്ട്. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വ്യത്യസ്ത കളിക്കാർ ഒരേ ടൂർണമെന്റിൽ ഏഴോ അതിലധികമോ ഗോളുകൾ നേടുന്നത്. തങ്ങളുടെ രാജ്യങ്ങളെ നോക്കൗട്ട് ഘട്ടങ്ങളിലേക്ക് നയിക്കുന്നതിനൊപ്പം ഫുട്ബോളിലെ ഈ മൂന്ന് സൂപ്പർ താരങ്ങളും വ്യക്തിഗത നേട്ടത്തിനായി നടത്തുന്ന പോരാട്ടം ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ കഥയായി മാറിയിരിക്കുകയാണ്.ഞായറാഴ്ച നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ അഞ്ച് തവണ ലോക ചാംപ്യന്മാരായ ബ്രസീലിനെ 2-1 ന് അട്ടിമറിച്ച് നോർവെയെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ എത്തിച്ചാണ് മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ട് ഈ റെക്കോർഡ് ക്ലബിലേക്ക് എത്തിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ബ്രസീലിയൻ പ്രതിരോധം ഹാളണ്ടിനെ പൂട്ടിയിട്ടെങ്കിലും നിർണ്ണായക നിമിഷത്തിൽ താരം ഉണർന്നു കളിച്ചു. മത്സരത്തിനിറങ്ങുമ്പോൾ 5 ഗോളുകളായിരുന്നു താരത്തിന്റെ സമ്പാദ്യം. ബ്രസീലിനെതിരെ ഇരട്ട ഗോൾ നേടിയതോടെയാണ് നേട്ടം 7ൽ എത്തിയത്.
രണ്ടാം പകുതിയിലെ ഹൈഡ്രേഷൻ ബ്രേക്കിനിടെ കോച്ച് സ്റ്റാലെ സോൽബാക്കനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഹാളണ്ട് കളം നിറഞ്ഞത്. 79ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡെറപ്പിന്റെ കൃത്യതയാർന്ന ക്രോസിൽ നിന്നു തകർപ്പൻ ഹെഡ്ഡറിലൂടെയാണ് ഹാളണ്ട് നോർവെയെ മുന്നിലെത്തിച്ചത്. പിന്നീട് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ തന്റെ രണ്ടാമത്തെ ഗോളും നേടി അദ്ദേഹം നോർവെയുടെ വിജയം ഉറപ്പിച്ചു. രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയ ഷെൽഡെറപ്പ് ഹാളണ്ടിന്റെ പുറത്തേക്ക് ചാടിക്കയറിയാണ് ഈ ചരിത്ര വിജയം ആഘോഷിച്ചത്.തലമുറകളുടെ പോരാട്ടം
മൂന്ന് വ്യത്യസ്ത തലമുറകളെ പ്രതിനിധീകരിക്കുന്ന താരങ്ങൾ തമ്മിലുള്ള മാറ്റുരയ്ക്കൽ കൂടിയാണ് നിലവിൽ ഗോൾഡൻ ബൂട്ട് പോരാട്ടം. മെസി തന്റെ ഇതിഹാസ പദവിക്ക് മാറ്റുകൂട്ടുന്ന മറ്റൊരു മികച്ച ലോകകപ്പ് ക്യാംപെയ്നിലൂടെ അർജന്റീനയെ നയിക്കുന്നു. എംബാപ്പെ ലോകത്തെ ഏറ്റവും അപകടകാരിയായ ഫിനിഷർമാരിൽ ഒരാളെന്ന തന്റെ ഖ്യാതി ഈ ടൂർണമെന്റിലും നിലനിർത്തുന്നു. ഹാളണ്ട് തന്റെ കന്നി ലോകകപ്പിൽ തന്നെ ലോക വേദിയിൽ സാന്നിധ്യമറിയിച്ച്, അധികമാരും സാധ്യത കൽപ്പിക്കാത്ത നോർവെയെ അവസാന എട്ടിലെത്തിച്ചു.
മൂന്ന് താരങ്ങളും ഏഴ് ഗോൾ വീതം നേടി ഒപ്പത്തിനൊപ്പമാണെങ്കിലും അസിസ്റ്റുകളുടെ (2 അസിസ്റ്റുകൾ) ബലത്തിൽ എംബാപ്പെയാണ് നിലവിൽ ഗോൾഡൻ ബൂട്ട് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
ബ്രസീലിനെതിരായ പ്രകടനത്തോടെ ഹാളണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടുന്ന തന്റെ റെക്കോർഡ് 14 മത്സരങ്ങളാക്കി ഉയർത്തി. ഈ കുതിപ്പിൽ മാത്രം 27 ഗോളുകൾ നേടിയ താരം നോർവെക്കായി കളിച്ച 54 മത്സരങ്ങളിൽ നിന്ന് 62 ഗോളുകൾ എന്ന അമ്പരപ്പിക്കുന്ന റെക്കോർഡും സ്വന്തമാക്കി. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ ഗോൾഡൻ ബൂട്ട് ആരുടെ കൈകളിലെത്തുമെന്ന ആകാംഷയിലാണ് ആരാധകർ.









