സ്ട്രച്ചറുകൾ തുരുമ്പെടുത്ത നിലയിൽ; ഫ്രീസറുകൾക്ക് കേടുപാട്;വയനാട് മെഡിക്കൽ കോളേജില്‍ നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ ഉപയോഗിക്കാതെ നശിച്ച കോടിക്കണക്കിന് ഉപകരണങ്ങളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. സ്ട്രച്ചറുകളുടെയും വീല്‍ചെയറുകളുടെയും അടക്കം ദൃശ്യങ്ങളാണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്. ഇതില്‍ സ്‌ട്രെച്ചറുകളും വീല്‍ചെയറുകളും തുരുമ്പെടുത്ത നിലയിലാണ്. കൊവിഡിന്റെ സമയത്ത് ലഭിച്ച പതിനഞ്ച് ലക്ഷം രൂപയുടെ നാല് ഫ്രീസറുകളും കേടായി പൊടിപിടിച്ച നിലയിലാണ്. ആശുപത്രിയിലെ തുണികള്‍ കഴുകുന്നതിനായി 2019 ന് മുന്‍പ് ഒരു മെഷീന്‍ വാങ്ങിയിരുന്നു. നാല്‍പത് ലക്ഷം രൂപയായിരുന്നു ഇതിന്റെ വില. ഇതും ഉപയോഗശൂന്യമായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ സ്ഥലം എംഎല്‍എ ഉഷാ വിജയന്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഞായറാഴ്ചയായിരുന്നു വയനാട് മെഡിക്കല്‍ കോളേജിലെ ഗുരുതര അനാസ്ഥ സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്. ഉപയോഗിക്കാതെ കൂട്ടിയിട്ട നിലയില്‍ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ കണ്ടെത്തുകയായിരുന്നു. ആറ് മൊബൈല്‍ മോര്‍ച്ചറി യൂണിറ്റുകള്‍ ഉള്‍പ്പെടെ ഗോഡൗണില്‍ കൂട്ടിയിട്ട നിലയിലായിരുന്നു. ഇതില്‍ ഒരു യൂണിറ്റിന് ഏകദേശം 20 ലക്ഷത്തിലധികം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഇതിന് പിന്നാലെയാണ് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്.വാര്‍ത്തയ്ക്ക് പിന്നാലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത് വര്‍ഷ കാലത്ത് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആദ്യ പിണറായി സര്‍ക്കാരിന്റെയും രണ്ടാം പിണറായി സര്‍ക്കാരിന്റെയും കാലത്ത് വാങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളാണ് പരിശോധിക്കുന്നത്. ആഭ്യന്തര ഓഡിറ്റ് നടത്താനാണ് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങളുടെ കണക്കെടുക്കാനും നിര്‍ദേശമുണ്ട്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മുഖേന വാങ്ങിയ ഉപകരണങ്ങളിലും പരിശോധന നടക്കും. ആഭ്യന്തര ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഏതെങ്കിലും രീതിയുള്ള ക്രമക്കേടുകള്‍ അല്ലെങ്കില്‍ അഴിമതി കണ്ടെത്തിയാല്‍ അത് വിജിലന്‍സിന് കൈമാറാനാണ് ആരോഗ്യമന്ത്രിയുടെ തീരുമാനം. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മുഖേനയാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നത്. അതില്‍ ഉള്‍പ്പെടെ വിശദമായ പരിശോധന നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights