അയവില്ലാതെ പശ്ചിമേഷ്യന്‍ സംഘർഷം; ഏഴാം ദിവസവും ആക്രമണം തുടര്‍ന്ന് യുഎസും ഇറാനും

തെഹ്‌റാന്‍: തുടര്‍ച്ചയായ ഏഴാം ദിവസവും ഇറാനില്‍ യുഎസ് ആക്രമണം. തെക്കന്‍ ഇറാനില്‍ പാലങ്ങളും റെയില്‍വെ സ്റ്റേഷനും ഊര്‍ജനിലയങ്ങളും ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. ഹോര്‍മോസ്ഗാനില്‍ യുഎസ് ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ബുഷഹെറില്‍ യുഎസ് എംക്യു-9 ഡ്രോണ്‍ വെടിവെച്ചിട്ടതായി ഐആര്‍ജിസി അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ഇറാനിലും ആക്രമണമുണ്ടായി.

അതേസമയം ഹോര്‍മൂസില്‍ തായ് പതാകയുള്ള കപ്പലിന് നേരെ ഇറാനും ആക്രമണം നടത്തി. ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച നാല് ടാങ്കറുകള്‍ ഐആര്‍ജിസി തടഞ്ഞതായും വിവരമുണ്ട്. അമേരിക്കന്‍ ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഇറാന്‍ വക്താവ് പറഞ്ഞു. ബഹ്‌റൈനിലും കുവൈത്തിലും ഖത്തറിലും ഇറാന്‍ ആക്രമണമുണ്ടായി. കുവൈറ്റില്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റു. വൈദ്യുതി-ജല സംവിധാനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായും വിവരമുണ്ട്. ഹോര്‍മൂസിന്റെ ഒമാന്‍ തീരത്തിനടുത്തെ ബദല്‍ പാതയിലൂടെ കപ്പലുകള്‍ യുഎസ് സംരക്ഷണയില്‍ കടന്നു പോകുന്നതായി സെറ്റ്‌കോം അറിയിച്ചിട്ടുണ്ട്. ഹോര്‍മൂസില്‍ എണ്ണ കപ്പലിന് നേരെ ആക്രമണം നടത്തിയെന്ന ഐആര്‍ജിസിയുടെ അവകാശവാദം യുഎസ് സൈന്യം നിഷേധിച്ചു.വെള്ളിയാഴ്ച ഖത്തറില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു കുട്ടിക്ക് പരിക്കേറ്റിരുന്നു. ദോഹയില്‍ പുലര്‍ച്ചെ 3.30മുതല്‍ 5.30 വരെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെന്നും ഏതാനും മിസൈലുകളെ പ്രതിരോധിച്ചെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലായം അറിയിച്ചിരുന്നു. അതിനിടെ, ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ ഇന്ത്യന്‍ കപ്പലുകളുടെ നീണ്ട നിരയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കടലിടുക്ക് കടക്കാനുള്ള അപേക്ഷകളില്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് തിരിച്ചുമുള്ള കപ്പലുകളാണ് മുന്നിലെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 17ന് ശേഷമുള്ള മൂന്നാഴ്ചത്തെ കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്. ഹോര്‍മൂസില്‍ കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് ഇറാന്‍ രൂപീകരിച്ച പേര്‍ഷ്യന്‍ ഗള്‍ഫ് സ്ട്രെയ്റ്റ് അതോറിറ്റിയുടെ വിവരങ്ങള്‍ പ്രകാരമുള്ള കണക്കാണിത്.

ഹോര്‍മൂസില്‍ നിന്ന് പുറത്തുകടക്കാനുള്ള അപേക്ഷകളില്‍ 20 ശതമാനവും ഇന്ത്യയിലേക്കുള്ള കപ്പലുകളാണ്. അതോടൊപ്പം തന്നെ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് കടക്കാനുള്ള അപേക്ഷകളിലും 21ശതമാനത്തിലേറെ ഇന്ത്യയില്‍ നിന്നുള്ള കപ്പലുകള്‍ ആണുള്ളത്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്കുള്ള കപ്പലുകളുടെ എണ്ണം 29 ശതമാനത്തിലും 20 ശതമാനത്തിനും ഇടയിലാണെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ കപ്പല്‍ ഗതാഗതത്തില്‍ വന്‍ ഇടിവ് വന്നെന്നും പേര്‍ഷ്യന്‍ ഗള്‍ഫ് സ്ട്രെയ്റ്റ് അതോറിറ്റി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights