ആലുവയില്‍ 12 വയസുകാരിയെ കാണാതായിട്ട് നാല് ദിവസം; അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം

ആലുവ: എറണാകുളം ആലുവയില്‍ 12 വയസുകാരിയെ കാണാതായി നാല് ദിവസം. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. കാണാതാകുമ്പോള്‍ കുട്ടിയുടെ പക്കലുണ്ടായിരുന്ന അമ്മയുടെ ഫോണ്‍ ഇടയ്ക്ക് ഓണായിരുന്നു. ആദ്യം കാസര്‍കോട്, പിന്നീട് മംഗലാപുരം, മുംബൈ എന്നിവിടങ്ങളിലാണ് ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയത്. എന്നാല്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. പൊലീസ് വിവരങ്ങള്‍ പങ്കുവയ്ക്കുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്.
വിശദമായ പരിശോധന നടത്തുകയാണെന്നാണ് ആലുവ വെസ്റ്റ് പൊലീസ് അറിയിക്കുന്നത്. നിലവില്‍ കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇടയ്ക്കിടെ ഫോണ്‍ ഓഫാകുന്നതും പൊലീസ് അന്വേഷണത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കുട്ടി പോയ വഴിയിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും ആ ഭാഗത്തു നിന്നും ദൃശ്യങ്ങള്‍ ലഭിച്ചതുമില്ല. അന്വേഷണത്തിന് ഒന്നിലേറെ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള സംശയമുണ്ടെന്നും പൊലീസ് പറയുന്നു.
ശനിയാഴ്ച രാവിലെ കൂട്ടുകാരിയുടെ കൈയില്‍ നിന്നും പുസ്തകം വാങ്ങാന്‍ ഇറങ്ങിയ കുട്ടി പിന്നീട് തിരികെ എത്തിയില്ല. വൈകുന്നേരമായിട്ടും കുട്ടി മടങ്ങിവരാതായതോടെ കുടുംബം സ്വന്തം നിലയില്‍ തിരച്ചില്‍ നടത്തിയിരുന്നു. കുട്ടിയുടെ പക്കലുണ്ടായിരുന്ന ഫോണ്‍ ആദ്യം സ്വിച്ച് ഓഫായിരുന്നു. പിന്നീട് ഇടയ്ക്ക് ഓണായതായി പൊലീസ് മനസിലാക്കി. ഇതോടെ ഫോണ്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് പുറത്തേക്ക് പൊലീസ് സംഘങ്ങള്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കാണാതായി ഒരു ദിവസം പിന്നിടുമ്പോഴാണ് ആദ്യം ഫോണ്‍ ഓണായത്. കാസര്‍കോട് ലൊക്കേഷന്‍ കാണിച്ചതോടെ കുട്ടിയെ കണ്ടെത്താന്‍ കഴിയുമെന്ന് കരുതിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായി. ഇതാണ് അന്വേഷണത്തെ സാരമായി ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights