എല്ലാത്തരം വേഷങ്ങളും അതിമനോഹരമായി അവതരിപ്പിക്കുന്ന നടിയാണ് ഉർവശി. മറ്റാർക്കും ചെയ്യാനാകാത്ത വിധമാണ് ഉർവശി ഓരോ കഥാപാത്രങ്ങളെയും സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. ‘സ്ഫടിക’ത്തിലെ ഉർവശിയുടെ തുളസി എന്ന കഥാപാത്രം മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്.
ചിത്രത്തിലെ ‘പരുമല ചെരുവിലെ…’ എന്ന് തുടങ്ങുന്ന ഗാനത്തിലെ ഉർവശിയുടെ പെർഫോമൻസ് ഇന്നും സിനിമാ പ്രേക്ഷകരെ അമ്പരിപ്പിക്കുന്നതാണ്. ആ പാട്ട് അങ്ങനെ പാടാൻ ചിത്രയ്ക്കും അങ്ങനെ അഭിനയിക്കാൻ ഉർവശിക്കും മാത്രമേ കഴിയൂ എന്നതാണ് വാസ്തവം. ഇപ്പോഴിതാ ആ പാട്ടിനെക്കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
തന്റെ പുതിയ ചിത്രമായ ‘ആശ’യുടെ പ്രൊമോഷന്റെ ഭാഗമായി മോളിവുഡ് ബൈറ്റ്സിനോട് സംസാരിക്കുകയായിരുന്നു ഉർവശി. “സ്ഫടിക’ത്തിലെ ആ പാട്ടിനെക്കുറിച്ച് എല്ലായിടത്തു നിന്നും ചോദ്യം വരുമ്പോൾ എനിക്കും ഭയങ്കര അത്ഭുതമാണ്. അടുത്തിടെ ചാക്കോച്ചൻ (കുഞ്ചാക്കോ ബോബൻ) എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു.അപ്പോൾ ഞാൻ വിചാരിച്ചു, എനിക്ക് മുൻപോ എനിക്ക് ശേഷമോ അങ്ങനെയൊരു സംഭവം ഒരു നായികയും ചെയ്തിട്ടില്ല. അതൊരു വലിയ ഭാഗ്യമാണെന്ന് ഞാൻ അന്നേരമാണ് ആലോചിക്കുന്നത്. അങ്ങനെയൊരു സീക്വൻസ് കണ്ടിട്ടില്ല. തമിഴിൽ ഒന്നുരണ്ട് നായികമാർ ചെയ്ത് കണ്ടിട്ടുണ്ട്. ഏറ്റവും ആകർഷകമായി ചെയ്തിട്ടുള്ളത് ശ്രീദേവിയാണ്. ഗുരു എന്നൊരു സിനിമയിൽ. അതൊക്കെ ഒരു ഭാഗ്യം”. – ഉർവശി പറഞ്ഞു.









