ചെന്നൈ: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. പാര്‍ട്ടി ഫണ്ടിന്റെ പേരില്‍ അനധികൃത പണപ്പിരിവാണ് ഡിഎംകെ കാലത്തുണ്ടായതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലില്‍, പ്രതിപക്ഷ നേതാവ് ഉദനിദി സ്റ്റാലില്‍, മുന്‍ മന്ത്രി സെന്തില്‍ ബാലാജി എന്നിവര്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇത് എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് തന്നെ പരാമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ മുന്‍ മുഖ്യമന്ത്രി കരുണാനിധി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം.
മുന്‍ ഡിഎംകെ ഭരണകാലത്ത് അഴിമതി നടന്നതായി താന്‍ ചൂണ്ടിക്കാട്ടിയ മൂന്ന് വകുപ്പുകളിലെ ഫയലുകള്‍ തുറന്നുപരിശോധിക്കാന്‍ ഡിഎംകെ തന്നെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ അവ തുറക്കുന്നതിന് മുന്‍പ്, 1988-ല്‍ ഡിഎംകെ സര്‍ക്കാരിന്റെ കാലത്തുണ്ടായ അഴിമതിയെക്കുറിച്ചുള്ള സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിക്കാന്‍ ആഗ്രഹിക്കുന്നു. മുന്‍ മുഖ്യമന്ത്രി കരുണാനിധി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എടുത്തുപറയുകയും കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം നിയമസഭയില്‍ പറഞ്ഞത്.
പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്തവര്‍ മരിക്കണമെന്ന് ഡിഎംകെ നേതാവ് പറഞ്ഞതായും വിജയ് ആരോപിച്ചു. അത്തരം മനോഭാവമുള്ള ഡിഎംകെ എന്തിനാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി തുടരുന്നതെന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. ക്രമസമാധാന പരിപാലനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസിലെ ഒഴിവുകള്‍ അടിയന്തരമായി നികത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കൂടുതല്‍ സവിശേഷതകളോടെ വകുപ്പിനെ ഡിജിറ്റല്‍വല്‍ക്കരിക്കുമെന്നും വിജയ് പറഞ്ഞു. യാതൊരുവിധ രാഷ്ട്രീയ ഇടപെടലുകളുമില്ലാതെ പൊലീസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ടിവികെ നേതാവ് കൊലചെയ്യപ്പെട്ട വിഷയത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ വലിയ വിമര്‍ശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും വിജയ് അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ രൂക്ഷമാകാം എങ്കിലും സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ വിജയത്തിന് പിന്നിലെ പ്രധാന കാരണം സ്ത്രീകളാണെന്ന് പറഞ്ഞ വിജയ്, അവര്‍ക്കെതിരായ അധിക്ഷേപകരമായ ഭാഷാപ്രയോഗങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. നടി തൃഷയെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെച്ചൊല്ലിയുള്ള വിവാദത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.എംജിആര്‍, എന്‍ടിആര്‍, ഇപ്പോള്‍ വിജയ് തുടങ്ങിയ നേതാക്കളെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തത്. തങ്ങള്‍ നടപ്പിലാക്കിയ പദ്ധതികള്‍ ടിവികെ സര്‍ക്കാര്‍ റദ്ദാക്കിയെന്ന് ഡിഎംകെ ആരോപിക്കുന്നു. എന്നാല്‍, അധികാരത്തില്‍ വന്നപ്പോള്‍ എഐഎഡിഎംകെ സര്‍ക്കാരിന്റെ പല പദ്ധതികളും ഡിഎംകെയും റദ്ദാക്കിയിട്ടുണ്ട്. തങ്ങളുടെ അഴിമതിയും വീഴ്ചകളും തമിഴ്നാട്ടിലെ ജനങ്ങള്‍ മറന്നുപോയെന്ന് ഡിഎംകെ കരുതുന്നുണ്ടാകാം. എന്നാല്‍ വാസ്തവം അതല്ല അതുകൊണ്ടാണ് ജനങ്ങള്‍ തങ്ങളെ തിരഞ്ഞെടുത്തത് എന്നും വിജയ് കൂട്ടിച്ചേര്‍ത്തു.









