പാലക്കാട്: കോണ്‍ഗ്രസ് പ്രദേശിക നേതൃത്വവുമായി ഉണ്ടായ കയ്യാങ്കളിയില്‍ രമ്യാ ഹരിദാസ് എംഎല്‍എ അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാകാത്തതില്‍ മറുപടി പറയാതെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഡല്‍ഹിയിലാണെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തെയും അന്വേഷണ കമ്മീഷനെയും രമ്യാ ഹരിദാസ് അറിയിച്ചത്. എന്നാല്‍ ഇന്നലെ രമ്യാ ഹരിദാസ് പാലക്കാട് ജില്ലയില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് തനിക്കറിയില്ലെന്നും ദൃശ്യങ്ങള്‍ ശ്രദ്ധിച്ചില്ല, അത് തന്റെ കണ്‍സേണ്‍ അല്ലെന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
കണ്‍സേണ്‍ അല്ലേയെന്ന് മാധ്യമങ്ങൾ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ‘അല്ല…അല്ല’ എന്ന് മന്ത്രി ആവര്‍ത്തിച്ചു. അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാകില്ലെന്ന് അറിയിച്ചിരുന്നോയെന്ന ചോദ്യത്തോട് തനിക്കറിയില്ല, അന്വേഷണ കമ്മീഷന്‍ അധ്യക്ഷനായ എം എം ഹസ്സനോട് ചോദിക്കണം എന്നും സണ്ണി ജോസഫ് പറഞ്ഞു. രമ്യാ ഹരിദാസുമായി ബന്ധപ്പെട്ട വിഷയം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിനാലാണ് രണ്ട് പേര്‍ക്കുമെതിരെ നടപടിയെടുത്തതെന്നും പറഞ്ഞ് സണ്ണി ജോസഫ് ഒഴിഞ്ഞുമാറി.
കമ്മീഷനെ വെച്ചിട്ട് കാണാതെ പോവുകയെന്നത് എംഎല്‍എയ്ക്ക് ഭൂഷണമായ കാര്യമാണോയെന്ന ചോദ്യത്തോട് അത് അദ്ദേഹത്തോടും കമ്മീഷനോടും ചോദിക്കുകയെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ താങ്കള്‍ തന്നെയെന്നാണ് വിചാരിക്കുന്നതെന്ന് മാധ്യമങ്ങള്‍ ചോദിച്ചതോടെ അല്ലെങ്കില്‍ പുതിയത് ആരാണെന്നും എല്ലാ ചോദ്യത്തിനും താന്‍ ആന്‍സറബിള്‍ അല്ലെന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
കയ്യാങ്കളിയുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാകുന്നതിന് പകരം ഡല്‍ഹിയില്‍ ആയിരുന്നുവെന്നാണ് രമ്യ പാര്‍ട്ടിയെ അറിയിച്ചിരുന്നത്. എന്നാല്‍ എംഎല്‍എ ഇന്നലെ പാലക്കാട് തന്നെ ഉണ്ടായിരുന്നുവെന്ന് മാത്രമല്ല, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാല്‍ രമ്യ ഹരിദാസ് ഡല്‍ഹിയില്‍ ആണെന്നായിരുന്നു അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ എം എം ഹസ്സന്‍ ഇന്നലെ പ്രതികരിച്ചത്.കയ്യാങ്കളിയില്‍ രമ്യാ ഹരിദാസിനെതിരെ നടപടി എടുക്കാത്തത്തില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍. രമ്യ ഹരിദാസിന്റേത് പക്വതയില്ലാത്ത നിലപാടെന്നാണ് നേതാക്കള്‍ വിമര്‍ശിക്കുന്നത്. രമ്യക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. രമ്യ എന്തിനാണ് രാത്രി സജാദിന്റെ വീട്ടില്‍ പോയതെന്ന് ഇവര്‍ ചോദിക്കുന്നു. എന്നിട്ടും രമ്യയെ ഒഴിവാക്കി കെപിസിസി നടപടിയെടുത്തു. രമ്യാ ഹരിദാസിനെതിരെ കര്‍ശന നടപടി വേണമെന്ന് സജാദിനെ അനുകൂലിക്കുന്നവരും ആവശ്യപ്പെടുന്നുണ്ട്.









