കൊച്ചി: മെസ്സി വിവാദത്തിൽ അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ്. പ്രത്യേക അന്വേഷണം സംഘമാണ് അഞ്ച് സ്ഥലങ്ങളിൽ റൈഡ് നടത്തുന്നത്. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ആർബിസിയുടെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലുമാണ് പരിശോധന നടക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.അർജന്റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആണ് എസ് ഐ ടി അന്വേഷണം ആരംഭിച്ചത്. ഇന്ന് പുലർച്ചെ മുതലാണ് അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും സ്ഥാപങ്ങളിലും പൊലീസ് സംഘം തെരച്ചിൽ തുടങ്ങിയത്. വിവാദത്തിൽ അന്വേഷണം നടത്താൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും എഡിജിപിയുമായ പി. വിജയനെ നേരത്തെ സർക്കാർ നിയോഗിച്ചിരുന്നു.മെസിയുടെ പേരിൽ വൻ തട്ടിപ്പാണ് നടന്നതെന്ന് കായിക വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് ഉണ്ടെന്ന് ജിഎസ്ടി വകുപ്പിന്റെ റിപ്പോർട്ടും പുറത്ത് വന്നിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശ്ശേരി പൊലീസ് സ്‌റ്റേഷനിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കോടതിയിൽ നിന്ന് വാറണ്ട് വാങ്ങിയാണ് റെയ്ഡ് നടത്തുന്നത്. ആർബിസിയുടെ ഓഫീസ് ഉൾപ്പെടുന്ന റിപ്പോർട്ടർ ചാനലിന്റെ കെട്ടിടത്തിലും പരിശോധന നടക്കുന്നുണ്ട്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് റിപ്പോർട്ടർ ചാനലിന്റെ ഓഫീസിൽ പരിശോധന നടത്തുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് പുലർച്ചെ മുതൽ റെയ്ഡ് നടക്കുന്നത് എന്നാണ് വിവരം.
മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്








