മരവിപ്പിക്കുന്ന തണുപ്പുള്ള സമുദ്രാന്തരങ്ങളില്‍ അവര്‍ അകപ്പെട്ടിട്ട് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞു. അന്തര്‍വാഹിനിയില്‍ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയവരെ രക്ഷിക്കണമെങ്കില്‍ ഇനിയൊരു അത്ഭുതം തന്നെ വേണ്ടിവരുമെന്ന് വിദഗ്ധര്‍. അവര്‍ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടെങ്കില്‍, അവരുടെ രക്ഷയ്ക്കായുള്ള മുറവിളി അന്ധകാരം നിറഞ്ഞ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളില്‍ തട്ടി മാറ്റൊലി കൊള്ളുന്നുണ്ടാകും. ഇങ്ങ്, രണ്ടര മൈല്‍ ഉയരത്തില്‍, സമുദ്രോപരിതലത്തില്‍ സോണാര്‍ ബോയ്കള്‍ കറങ്ങി നടക്കുന്നു, ആഴങ്ങളില്‍ എവിടെനിന്നെങ്കിലും ഒരു മനുഷ്യന്റെ ജീവന്റെ സാന്നിദ്ധ്യമറിയാന്‍.
ഞായറാഴ്ച്ച ആരംഭിച്ച രക്ഷാ ദൗത്യം ഇന്നലെ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അറ്റ്ലാന്റിക്കിന്റെ ആകാശത്ത് രക്ഷാ വിമാനങ്ങള്‍ വട്ടമിട്ട് പറക്കുമ്പോള്‍, അലയൊഴിഞ്ഞ കടലില്‍ രക്ഷായാനങ്ങളും അക്ഷമരായി കാത്തു നില്‍ക്കുന്നു, ഒരു ജീവന്റെ വിളി കേള്‍ക്കാന്‍. അത്യാധുനിക സാങ്കേതിക വിദ്യയുള്ള സമുദ്രാന്തര ഡ്രോണുകളും വിശ്രമമില്ലാതെ തേടിക്കൊണ്ടിരിക്കുകയാണ്, 111 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1500 ല്‍ അധികം ജീവനുകളുമായി സമുദ്രത്തിന്റെ അടിത്തട്ടില്‍ വിശ്രമിക്കുന്ന ടൈറ്റാനിക് എന്ന ഭീമന്‍ കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍.
എന്നാല്‍, സാഹചര്യങ്ങള്‍ തീര്‍ത്തും പ്രതികൂലമാണെന്ന് വിദഗ്ധര്‍ പറയുന്നു. കാണാതായ അന്തര്‍വാഹിനി കണ്ടെത്താന്‍, ഒരു മഹാത്ഭുതം തന്നെ നടക്കേണ്ടി വരുമെന്ന് അവര്‍ പറയുന്നു. കാണാതായ അന്തര്‍വാഹിനിക്കകത്ത് ഇനി ഏതാനും മണിക്കൂര്‍ നേരത്തേക്കുള്ള ഓക്സിജന്‍ മാത്രമെ അവശേഷിക്കുന്നുള്ളു എന്നതാണ് ഏറെ വിഷമിപ്പിക്കുന്ന കാര്യം. അറ്റ്ലാന്റിക്കിന്റെ അടിത്തട്ട് ബഹിരാകാശത്തിന് സമാനമാണെന്നാണ് റോയല്‍ നേവി റിയര്‍ അഡ്മിറല്‍ ക്രിസ് പാരി പറയുന്നത്. കടുത്ത അന്ധകാരത്തില്‍, സേര്‍ച്ച് ലൈറ്റുകളുടെ സഹായത്തോടെ കാണാന്‍ ആവുക കേവലം 20 അടി അകലെവരെ മാത്രം.
അതിശക്തമായ സമുദ്രജല പ്രവാഹങ്ങള്‍ നിങ്ങളെ എവിടെക്ക് വേണമെങ്കിലും ഒഴുക്കിക്കൊണ്ടു പോയേക്കാം അന്തര്‍വാഹിനിയിലെ വൈദ്യൂതി ബന്ധം നിലച്ചു പോയെങ്കില്‍, പ്രൊപ്പല്ലറുകളും വിളക്കുകളും ഹീറ്റിംഗ് സിസ്റ്റവും പൂര്‍ണ്ണമായും പ്രവര്‍ത്തനം നിലയ്ക്കുംകനത്ത അന്ധകാരത്തില്‍ അതിനകത്ത് പെട്ടുവോയവര്‍ക്ക് കഴിയേണ്ടി വരിക 3 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലായിരിക്കും.
ഈ അന്തര്‍വാഹിനി ഇപ്പോള്‍ എവിടെയുണ്ട് എന്നുള്ളതാണ് പ്രധാന ചോദ്യം. അത് അടിത്തട്ടില്‍ ഉറച്ചുപോയോ? അതോ ഒഴുകി നടക്കുകയാണോ? അതോ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയോ? ഈ ചോദ്യഗ്ത്തിന് ഇതുവരെ നിശ്ചിതമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. രണ്ടരമൈലില്‍ അധികം ആഴത്തില്‍, സൂര്യപ്രകാശം പോലും കടന്നു ചെല്ലാത്തിടത്ത്, തീര്‍ച്ചയായും അവര്‍ മറ്റൊരു ഗ്രഹത്തില്‍ എത്തിയതുപോലെയായിരിക്കും.
തിരച്ചിലിന് ഏറ്റവുമധികം പ്രതികൂലമായ കാര്യം, അന്തര്‍വാഹിനി സിഗ്‌നലുകള്‍ അയയ്ക്കുന്നത് നിന്നിരിക്കുന്നു എന്നതാണ്. ജി പി എസും റഡാര്‍ സംവിധാനവും സമുദ്രാന്തരത്തില്‍ പ്രവര്‍ത്തന ക്ഷമമല്ലാത്തതിനാല്‍ സോണാര്‍ പിംഗുകളാണ് അന്തര്‍വാഹിനികള്‍ മദര്‍ ഷിപ്പിലേക്ക് അയയ്ക്കുക. ഓരോ പതിനഞ്ച് മിനിറ്റിലും ഇത്തരം സോണാര്‍ പിംഗുകള്‍ മദര്‍ ഷിപ്പില്‍ എത്തിക്കൊണ്ടിരിക്കും. എന്നാല്‍, കാണാതായ ടൈറ്റന്‍ എന്ന അന്തര്‍വാഹിനിയില്‍ നിന്നും അവസാനമായി സിഗ്‌നല്‍ എത്തിയത് ഞായറാഴ്ച്ചയായിരുന്നു. അറ്റ്ലാന്റിലെക്ക് ഊളിയിട്ടിറങ്ങി ഒരു മണിക്കൂര്‍ നാല്പത്തഞ്ച് മിനിട്ടിന് ശേഷം. പിന്നീട് അതിനെ കുറിച്ച് ഒരു അറിവുമില്ല.
പിന്നെയും എട്ട് മണിക്കൂര്‍ കഴിഞ്ഞിട്ടാണ് അന്തര്‍വാഹിനിയുടെ ഉടമസ്ഥരായ ഓഷ്യന്‍ ഗെയ്റ്റ് എക്സ്പെഡിഷന്‍സ് തീരദേശ സേനയെ ഇക്കാര്യം അറിയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനിടയില്‍, ഇപ്പോള്‍ കാണാതായ അന്തര്‍വാഹിനി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായിരുന്നില്ല എന്ന ചില റിപ്പൊര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. 2021-ല്‍ ആയിരുന്നു ഓഷന്‍ ഗെയ്റ്റ് എക്സ്പെഡിഷന്‍സ്, ഈ അന്തര്‍വാഹിനി ഉപയോഗിച്ച് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിലേക്ക് വിനോദ യാത്ര ആരംഭിച്ചത്.
2018- ല്‍ ആയിരുന്നു, ഇത് ഉപയോഗിച്ചുള്ള ടൈറ്റാനിക് യാത്ര ആദ്യമായി ആസൂത്രണം ചെയ്തത്. എന്നാല്‍, അന്ന് ഇടിമിന്നല്‍ മൂലം ചില ഇലക്ട്രോണിക് സംവിധാനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിച്ചതിനാല്‍ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നീട് 2019 -ല്‍ കനേഡീയ മറൈന്‍ നിയമങ്ങള്‍ പാലിക്കില്ലെന്ന് കണ്ട് വീണ്ടും യാത്ര നിര്‍ത്തിവയ്ക്കേണ്ടതായി വന്നു. പിന്നീട് 2020-ല്‍ കാര്യമായ തകരാറുകള്‍ സംഭവച്ചിതനെ തുടര്‍ന്ന് അത് പൂര്‍ണ്ണമായും പുനര്‍നിര്‍മ്മാണം നടത്തേണ്ടതായി വന്നു.
യഥാര്‍ത്ഥത്തില്‍ കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയവും ഉപയോഗിച്ച് നിര്‍മ്മിച്ച അന്തര്‍വാഹിനി 4000 മീറ്റര്‍ ആഴത്തില്‍(13,123 അടി) വരെ പോകുവാന്‍ കഴിവുള്ളതായിരുന്നു. എന്നാല്‍, പുനര്‍നിര്‍മ്മാണത്തിനു ശേഷം നടത്തിയ പരീക്ഷണങ്ങളില്‍ ഡെപ്ത് റേറ്റിംഗ് 3000 മീറ്റര്‍ ആയി കുറഞ്ഞിരുന്നു. ഈ ആഴത്തില്‍ പോയാല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപമെത്താന്‍ കഴിയില്ലെന്നതാണ് വാസ്തവം. ഈ പോരായ്മ തിരിച്ചറിഞ്ഞ ഓഷ്യന്‍ ഗെയ്റ്റ് അന്ന് നാസായുമായി യോജിച്ച് പ്രവര്‍ത്തിച്ച് കപ്പല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കുമെന്ന് പറഞ്ഞിരുന്നു. ഈ ദുരന്ത യാത്രക്ക് മുന്‍പായി പ്രശ്നങ്ങള്‍ പരിഹരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.