ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത. സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും. വടക്കൻ കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡീഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.