എൽകെ–99 എന്ന റൂം ടെംപറേച്ചർ സൂപ്പർ കണ്ടക്ടർ ഭൗതികശാസ്ത്രത്തിൽ വിപ്ലവം സൃഷ്ടിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. വൈദ്യുതി വിതരണം മുതൽ എഐ സംവിധാനങ്ങളുടെ പ്രവർത്തനം വരെയുള്ള സമസ്ത മേഖലകളിലും നിർണായകമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്നതാണ് പുതിയ കണ്ടെത്തൽ.
നമ്മള്‍ വസിക്കുന്ന ലോകത്തെത്തന്നെ ‘നിന്ന നില്‍പ്പില്‍’ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളതാണത്രെ ഇപ്പോള്‍ വിജയിച്ചു എന്ന് ഒരു കൂട്ടം ദക്ഷിണ കൊറിയന്‍ ഗവേഷകര്‍ അവകാശപ്പെട്ടിരിക്കുന്ന കണ്ടെത്തല്‍.
മുറിയുടെ താപനിലയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു സൂപ്പര്‍കണ്ടക്ടർ തങ്ങള്‍ വികസിപ്പിച്ചു എന്നാണ് ഗവേഷകരുടെ അവകാശവാദം. ഈ വസ്തുവിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേരാണ് എല്‍കെ-99. അതേസമയം, ഗവേഷണഫലം മുഖവിലയ്‌ക്കെടുക്കാന്‍ മറ്റു ചില ശാസ്ത്രജ്ഞര്‍ വിസമ്മതിക്കുകയും ചെയ്യുന്നു.
റൂം ടെംപറേച്ചർ സൂപ്പർ കണ്ടക്ടർ ശരിക്കും പ്രവര്‍ത്തനസജ്ജമാണെങ്കില്‍ വൈദ്യുതി മുതല്‍ വൈദ്യശാസ്ത്രം വരെ ഒട്ടനവധി മേഖലകളില്‍ പൊളിച്ചെഴുത്തുണ്ടാകാം. സഞ്ചാരവും, ചിപ് സാങ്കേതികവിദ്യയും മാറിമറിയും. ടിഎഫ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസ്, തയ്വാനിലെ വിശകലനവിദഗ്ധനായ മിങ്-ചി കുവോ നടത്തിയ ട്വീറ്റില്‍ പറയുന്നത്, ഐഫോണ്‍ പോലെ ഒരു കൊച്ചുപകരണത്തിനു പോലും ഒരു ക്വാണ്ടം കംപ്യൂട്ടറിന്റേതിനു സമാനമായ കംപ്യൂട്ടിങ് പവര്‍ ലഭിക്കുമെന്നാണ്!
അത്ര ദുര്‍ലഭമല്ലാത്ത ലെഡ് അപറ്റിറ്റ് (lead apatite) എന്ന വസ്തുവിലേക്ക് കുറച്ച് കോപ്പര്‍ ആറ്റങ്ങളെ പ്രവേശിപ്പിച്ചാണ് എല്‍കെ-99 സൃഷ്ടിച്ചതെന്നാണ് ഗവേഷകര്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ വസ്തുത നിര്‍ണയിക്കാനാകുന്നതിനു മുൻപ് പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍പണമെറിയാന്‍ നിക്ഷേപകര്‍ ചാടിയിറങ്ങിയെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു.
അതേസമയം, സൂപ്പര്‍കണ്ടക്ടിവിറ്റി പുതിയ കണ്ടെത്തലൊന്നുമല്ല. എംആര്‍ഐ മെഷീനുകളിലൊക്കെ ഇപ്പോള്‍ ഇത് പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ, ഇതിന് 180 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള താപനിലയില്‍ മാത്രമെ പ്രവര്‍ത്തിക്കാനാകൂ. എന്നു പറഞ്ഞാല്‍, അതിനെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. സൂപ്പര്‍കണ്ടക്ടിവിറ്റി ഏതു വസ്തു ഉപയോഗിച്ചാണ് ഇപ്പോള്‍ സാധ്യമാക്കിയിരിക്കുന്നത് എന്നതിന്റ പ്രാധാന്യമാണ് ശാസ്ത്ര ലോകത്തെ ഇപ്പോള്‍ ഇളക്കിമറിച്ചിരിക്കുന്നത്. കാന്തികമണ്ഡലത്തിന്റെ സാന്നിധ്യമില്ലാതെയും, വൈദ്യുതി 100 ശതമാനം കാര്യക്ഷമതയോടെയും കടത്തിവിടാന്‍ കെല്‍പ്പുള്ളതുമാണ് എല്‍കെ-99 എന്നാണ് ദക്ഷിണ കൊറിയന്‍ ഗവേഷകരായ ലീ, കിം എന്നിവര്‍ പറയുന്നത്. ഇവര്‍ക്ക് നൊബേല്‍ സമ്മാനം ഉറപ്പാണെന്ന് അവരുടെ രാജ്യത്തുള്ള പലരും കരുതുന്നു.
കഥയറിയാതെ ആട്ടംകാണുന്നവരെ പോലെയാണ് സമൂഹ മാധ്യമങ്ങളില്‍ പുതിയ സൂപ്പര്‍ കണ്ടക്ടറിനെക്കുറിച്ചു അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന ചൂടുപിടിച്ച ചര്‍ച്ചകളില്‍ പ്രതികരിക്കുന്നവരെ കാണാനാകുന്നത്. ‘സൂപ്പര്‍കണ്ടക്ടര്‍ മുറിയിലെ താപനിലയില്‍പ്രവര്‍ത്തിച്ചുകൂടെന്ന് നിയമം ഒന്നുമില്ലെന്ന്’, ചില ഫിസിസിസ്റ്റുകള്‍ എല്‍കെ-99നെക്കുറിച്ച് പ്രതികരിച്ചു. കൊറിയന്‍ ഗവേഷകര്‍ പുറത്തുവിട്ട വിവരങ്ങള്‍ വച്ച് പരീക്ഷണം ലാബില്‍ ആവര്‍ത്തിച്ച ചൈനീസ് ഗവേഷകര്‍ക്ക് സമ്മിശ്ര ഫലങ്ങളാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്തായാലും കൂടുതല്‍ പിയര്‍ റിവ്യൂകള്‍ നടത്താനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ഗവേഷകര്‍.
ആദ്യഘട്ടത്തില്‍ ശരിയെന്ന തോന്നലുണ്ടാക്കുകയും പിന്നീട് പാളിപ്പോകുകയും ചെയ്യുന്ന പരീക്ഷണങ്ങളെ ഗവേഷകര്‍ വിളിക്കുന്നത് അണ്‍ഐഡന്റിഫൈഡ് സൂപ്പര്‍കണ്‍ഡക്ടിങ് ഒബ്ജക്ട്സ് (യുഎസ്ഓ) എന്നാണ്. ഇത്തരത്തില്‍ യുഎസ്ഓ കണ്ടെത്തിയ ധാരാളം അവസരങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. അതിനാലാണ് ശാസ്ത്രലോകം കൂടുതല്‍ ഗവേഷണ ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നത്.
അതേസമയം, എല്‍കെ-99 മുറിയിലെ ഊഷ്മാവില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൂപ്പര്‍കണ്ടക്ടര്‍ ആയില്ലെങ്കില്‍ പോലും അതിന് മറ്റു ചില സാധ്യതകള്‍ കണ്ടേക്കുമെന്നും കരുതപ്പെടുന്നു. ഇന്ധനക്ഷമത കൂടുതലുള്ള അതിവേഗ ട്രെയിനുകള്‍, ചിലവു കുറച്ച് ക്വാണ്ടം സൂപ്പര്‍കംപ്യൂട്ടറുകള്‍ നര്‍മ്മിച്ചെടുക്കല്‍, മികച്ച ബാറ്ററി സാങ്കേതികവിദ്യ തുടങ്ങിയവയൊക്കെ സാധ്യമായേക്കാമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
പുതിയ സാധ്യതയെക്കുറിച്ച് സ്വപ്‌നം കാണുന്നത് നിറുത്തേണ്ട എന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. എന്നാല്‍, അതില്‍ അമിത പ്രതീക്ഷ അര്‍പ്പിക്കുകയും വേണ്ടെന്നും അദ്ദേഹം പറയുന്നു. എന്നു പറഞ്ഞാല്‍, എല്‍കെ-99 ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ആദ്യ ഐഫോണിന്റെ വിലയെന്തായിരിക്കും എന്നോന്നും ഓര്‍ത്ത് ഉത്കണ്ഠപ്പെടാനുള്ള സമയമായിട്ടില്ലത്രെ.