ആളുകളുടെ ദൗർബല്യങ്ങൾ മുതലെടുത്ത് അവരുടെ പണം തട്ടാൻ സൈബർ ക്രിമിനലുകൾ എപ്പോഴും പുത്തൻ അടവുകൾ പുറത്തെടുത്തുകൊണ്ടേയിരിക്കുന്നു. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി നാലാള് കൂടുന്നിടത്തെല്ലാം തട്ടിപ്പുകാരുടെ കെണിയുണ്ടാകും. ഓൺലൈൻ ഇടങ്ങളിൽ പരമാവധി ജാഗ്രത പാലിക്കുക എന്നതുമാത്രമാണ് ഈ കെണികളിൽ വീഴാതിരിക്കാനുള്ള ഏക വഴി.
ഇപ്പോൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഫെയ്സ്ബുക്ക് ഉപയോക്താക്കളാണ്. കാരണം, പുതിയൊരു തട്ടിപ്പുമായി സൈബർ ക്രിമിനലുകൾ ഫെയ്ബുക്ക് ഉപയോക്താക്കളെ കെണിയിൽ വീഴ്ത്തുന്നതായി റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. ആളുകളുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തുക്കളിൽനിന്ന് പണം തട്ടിയെടുക്കുന്നത് നാം ഇതിനോടകം കണ്ടിട്ടുള്ളതാണ്. അത് കുറച്ച് പരിഷ്കരിച്ചാണ് പുതിയ തട്ടിപ്പ്.
”ആരാണ് മരിച്ചത് എന്ന് നോക്കൂ” ( “Look who died” ) എന്നാണ് ഫെയ്സ്ബുക്കിലെ പുതിയ തട്ടിപ്പ് രീതിയുടെ പേര്. ഇവിടെ ഹാക്കർ നിങ്ങളുടെ സൃഹൃത്തിന്റെ പേരിൽ ഒരു വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ആരാണ് മരിച്ചത് എന്ന് നോക്കൂ എന്നുപറഞ്ഞ് ഒരു ലിങ്ക് അടങ്ങിയ സന്ദേശം മെസഞ്ചറിൽ അയയ്ക്കുന്നു. സുഹൃത്തിന്റെ മെസേജ് ആയതിനാൽ നമുക്കുകൂടി പരിചയമുള്ള ആരെങ്കിലുമാകും മരിച്ചത് എന്നു കരുതിയും, ആരാണ് മരിച്ചത് എന്ന് അറിയാനുള്ള ആകാംക്ഷ മൂലവും പലരും ആ ലിങ്കിൽ ക്ലിക്ക് ചെയ്യും. അതോടെ നമ്മുടെ സ്വകാര്യവിവരങ്ങൾ ഉൾപ്പെടെ ഹാക്കർ കൈക്കലാക്കും. ഇതാണ് തട്ടിപ്പിന്റെ ഒരു പൊതുരീതി.
നമ്മുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്താനുള്ളതെല്ലാം ഹാക്കർ അയയ്ക്കുന്ന ലിങ്കിൽ ഉണ്ടാകും. ആരാണ് മരിച്ചതെന്നറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്താൽ, ഉപയോക്താവിന്റെ ഫെയ്സ്ബുക്ക് ഐഡിയും പാസ്‌വേഡും നൽകാൻ ആവശ്യപ്പെടും. ഇത് ഒരു കെണിയാണ്. ആളുകളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ ലോഗിൻ വിവരങ്ങളും വ്യക്തിഗത വിശദാംശങ്ങളും മോഷ്ടിക്കാൻ ഹാക്കർമാരെ അനുവദിക്കുന്ന ഹാനികരമായ സോഫ്റ്റ്‌വെയർ ഈ ലിങ്കിൽ അടങ്ങിയിരിക്കുന്നു.
ഒരാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ഇത്തരത്തിൽ കൈക്കലാക്കിയാൽ ഉടമയെ പുറത്താക്കി അക്കൗണ്ടിന്റെ നിയന്ത്രണം തട്ടിപ്പുകാർ ഏറ്റെടുക്കും. തുടർന്ന് ആ അക്കൗണ്ട് ഉടമയുടെ എല്ലാ സുഹൃത്തുക്കൾക്കും ഇതേ സന്ദേശം അയയ്ക്കുന്നു. സുഹൃത്തിൽനിന്ന് എത്തുന്ന സന്ദേശം ആയതിനാൽ പലരും ആ കെണിയിൽ വീഴുന്നതോടെ തട്ടിപ്പ് കൂടുതൽ വ്യാപിക്കുന്നു. ഒരാളുടെ ഫെയ്സ്ബുക്കിന്റെ വിശദാംശങ്ങൾ കൈക്കലാക്കിയാൽ ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ജനനത്തീയതികൾ എന്നിവ പോലെ നിങ്ങളുടെ മറ്റ് സ്വകാര്യ ഡാറ്റയും ഹാക്കർമാർക്ക് മോഷ്ടിക്കാൻ കഴിയും. ഫെയ്സ്ബുക്കുമായി ബന്ധമില്ലാത്ത മറ്റ് ഓൺലൈൻ അക്കൗണ്ടുകളിലേക്ക് കടന്നുകയറാൻ അവർക്ക് ഈ വിവരങ്ങൾ ഉപയോഗിക്കാം. അക്കൗണ്ടുമായി ബാങ്ക് വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, പണം മോഷ്ടിക്കാനും ഹാക്കർക്ക് കഴിയും.
‘Look who died’ തട്ടിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ സജീവമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ഓസ്ട്രേലിയയിലാണ്. എന്നാൽ ഇന്ത്യയിലും ഇപ്പോൾ സമാനതട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ തട്ടിപ്പിന്റെ ഒരു രീതി പരിശോധിച്ചാൽ ഒരാൾ തട്ടിപ്പിന് ഇരയായാൽ അയാളുടെ അക്കൗണ്ടിൽനിന്ന് മുഴുവൻ സുഹൃത്തുക്കൾക്കും തട്ടിപ്പ് ലിങ്കെത്തും. അതിനാൽ വരുദിവസങ്ങളിൽ ഇത്തരം മെസേജ് ലഭിക്കുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത.
ഏറെ നാളായി സന്ദേശമൊന്നും ലഭിക്കാത്ത സുഹൃത്തുക്കളിൽനിന്നൊക്കെ ഇനി ചരമവാർത്തയുമായി ലിങ്കുകൾ എത്തിയേക്കാം. മരിച്ചത് നമുക്ക് വേണ്ടപ്പെട്ടവർ ആണ് എന്ന് വിശ്വസിപ്പിക്കാൻ പല തന്ത്രങ്ങളും അവർ പുറത്തെടുക്കുകയും ചെയ്തേക്കാം. എന്നാൽ ഇങ്ങനെയൊരു തട്ടിപ്പ് നടക്കുന്നുണ്ട് എന്ന് മനസിലാക്കി ജാഗ്രത പാലിക്കുകയും മറ്റുള്ളവരെയും ഇതേപ്പറ്റി ബോധവാന്മാരാക്കുകയും ചെയ്താൽ കെണിയിൽ വീഴാതിരിക്കാം.