വാട്‌സ്ആപ്പ് ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. ചാറ്റിനും കോളിനും ഉപരി ഇന്ന് ബിസിനസ് സംരംഭങ്ങളുടെ സേവനങ്ങൾക്ക് അടക്കം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ വാട്‌സ്ആപ്പിൽ പുതിയ അപ്‌ഡേറ്റുകളും മെറ്റ നൽകുന്നുണ്ട്. ചാറ്റ് മുതൽ വാട്‌സ്ആപ്പ് ചാനലിൽ വരെ അടിമുടി അപ്‌ഡേറ്റുകളാണ് കമ്പനി നടത്തിയിരിക്കുന്നത്.
ടെലഗ്രാം, ഡിസ്‌കോർഡ് പോലുള്ള ആപ്പുകളുമായിട്ടുള്ള മത്സരത്തിന്റെ ഭാഗമായിട്ടാണ് പുതിയ അപ്‌ഡേറ്റുകൾ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിലവിൽ എത്രപേർ ഓൺലൈനിൽ ഉണ്ട് എന്നത് കാണിക്കുന്നതാണ് പുതിയ അപ്‌ഡേറ്റുകളിൽ ഒന്ന്. ഗ്രൂപ്പിൽ ചാറ്റിനായി ആ സമയത്ത് ആരൊക്കെയുണ്ടെന്ന് ഇതിലൂടെ എളുപ്പം മനസിലാക്കാം.
ഗ്രൂപ്പുകളിലെ നേട്ടിഫിക്കേഷനുകൾ ഹൈലൈറ്റ് ചെയ്ത് വെക്കാനും സാധിക്കും. ‘Notify for’ എന്ന പുതിയ ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് വരുന്ന മെൻഷനുകളും സന്ദേശങ്ങൾക്ക് റിപ്ലൈ ചെയ്യുന്നസമയത്തും ഫോണിൽ സേവ് ചെയ്ത കോൺടാക്റ്റിൽ നിന്നുള്ള മെസേജുകൾ എന്നിങ്ങനെ വിവിധ രീതിയിൽ നോട്ടിഫിക്കേഷനെ വേർതിരിച്ച് എടുക്കാൻ സാധിക്കും. ഇതിനായി ‘Highlights’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയോ എല്ലാ അറിയിപ്പുകളും ലഭിക്കാൻ ‘All’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയോ ചെയ്യാം.