പണ്ട് എംടിബി, ഹീറോ, ബിഎസ്എ എന്ന സൈക്കിൾ ബ്രാൻഡുകളുടെ പേരുകൾ മാത്രമേ നാം കേട്ടിരുന്നുവെങ്കിൽ ഇന്ന് ടാറ്റയുൾപ്പടെയുള്ള പ്രമുഖ ബ്രാൻഡുകൾ പല വിലയിലുള്ള മോഡലുകൾ പുറത്തിറക്കുന്ന കാലമാണിത്. ഏത് ബജറ്റിലും ഏത് തരത്തിലുള്ള സൈക്കിളികളും വാങ്ങാൻ ഇന്ന് ആളുണ്ട്താനും. വലിയ മെട്രോ നഗരങ്ങളില്ലാം ഇന്നും സൈക്കിളുകൾ തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.
ഇത്തരക്കാരെ ലക്ഷ്യംവെച്ചുകൊണ്ട് ടാറ്റ ഇന്റർനാഷണലിന്റെ ഉപസ്ഥാപനമായ സ്‌ട്രൈഡർ സൈക്കിൾസ് കോണ്ടിനോ ശ്രേണിയിലുള്ള പുത്തൻ സൈക്കിളുകൾ പുറത്തിറക്കിയിരിക്കുകയാണ്. മൗണ്ടൻ ബൈക്കുകൾ, ഫാറ്റ് ബൈക്കുകൾ, ബിഎംഎക്സ് ബൈക്കുകൾ, ഹൈ പെർഫമോൻസ് സിറ്റി ബൈക്കുകൾ എന്നിവയുൾപ്പെടെ വിവിധ മൾട്ടി-സ്പീഡ് ഓപ്ഷനുകളുള്ള എട്ട് പുതിയ മോഡലുകളാണ് ടാറ്റയുടെ കീഴിലുള്ള സ്‌ട്രൈഡറിന്റെ പുതിയ ശ്രേണിയിൽ ഉൾപ്പെടുന്നത്.
ഇന്ത്യയിലെ ആദ്യത്തെ മഗ്നീഷ്യം സൈക്കിളായ കോണ്ടിനോ ഗലാറ്റിക് 27.5T ആണ് പുതിയ ശ്രേണിയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. മഗ്നീഷ്യം ഫ്രെയിമുകൾ പരമ്പരാഗത അലുമിനിയം ഫ്രെയിമുകളേക്കാൾ ഭാരം കുറഞ്ഞതും ശക്തവുമാണെന്നതാണ് ഹൈലൈറ്റ്. മാത്രമല്ല, ഇത് ഓഫ് റോഡ് റൈഡിംഗിന് സൈക്കിളിനെ കൂടുതൽ അനുയോജ്യമാക്കുന്നുമുണ്ട്. സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന നിർമാണവും മഗ്നീഷ്യം ഫ്രെയിമുകളുടെ ഉപയോഗവും വൈബ്രേഷനുകൾ കൂടുതൽ കുറയ്ക്കാനും സഹായിക്കുന്നു.
27,896 രൂപയാണ് സ്‌ട്രൈഡർ സൈക്കിൾസിന്റെ ഗാലക്‌റ്റിക് മോഡലിനായി മുടക്കേണ്ടി വരുന്ന വില. ഡ്യുവൽ ഡിസ്‌ക് ബ്രേക്കുകൾ, സുഗമമായ ഷിഫ്റ്റിംഗിനുള്ള ഫ്രണ്ട് ആൻഡ് റിയർ ഡെറില്ലറുകൾ, ലോക്ക്-ഇൻ/ലോക്ക്-ഔട്ട് സാങ്കേതികവിദ്യയുള്ള ഫ്രണ്ട് സസ്‌പെൻഷൻ ഫോർക്ക്, വ്യത്യസ്ത ഭൂപ്രദേശങ്ങളിലെ വൈവിധ്യത്തിനായി 21 സ്പീഡുകൾ എന്നിവ ഉൾപ്പെടുന്ന മറ്റ് നിരവധി സവിശേഷതകളും കോണ്ടിനോ ഗലാറ്റിക് 27.5T സൈക്കിളിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
കോണ്ടിനോ ഗലാറ്റിക് 27.5T (Contino Galactic) ഇപ്പോൾ രാജ്യത്തുടനീളമുള്ള സ്‌ട്രൈഡർ സൈക്കിൾസ് റീട്ടെയിലർമാരിൽ ലഭ്യമാണ്. കൂടാതെ കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലും ഈ പുത്തൻ സൈക്കിൾ വാങ്ങാവുന്നതാണ്. തുടക്കക്കാർ മുതൽ പരിചയസമ്പന്നരായ റൈഡർമാർ വരെയുള്ള സൈക്കിൾ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഈ സൈക്കിളുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സ്ട്രൈഡർ സൈക്കിൾസ് ബിസിനസ് ഹെഡ് രാഹുൽ ഗുപ്ത പ്രസ്താവനയിൽ പറഞ്ഞു.
കോണ്ടിനോ സൈക്കിൾ ശ്രേണി വിവിധ നിറങ്ങളിലും വലുപ്പങ്ങളിലും ലഭ്യമാണെന്നും പ്രാരംഭ മോഡലായ നോർടെക് പതിപ്പിന് 19,526 രൂപയിൽ നിന്നാണ് വില ആരംഭിക്കുന്നതെന്നും അദ്ദഹേ കൂട്ടിച്ചേർത്തു. ഇന്ധന വിലയിലുണ്ടായ വർധനവും നിരത്തുകളിലെ തിരക്കും ഇലക്‌ട്രിക് സൈക്കിളുകളുടെ വികസനത്തിനും കാരണമായിട്ടുണ്ട്. ഇത്തരക്കാരെ ആകർഷിക്കുന്നതിനായും കമ്പനി ഇലക്ട്രിക് മോഡലുകളും തങ്ങളുടെ ശ്രേണിയിൽ ലഭ്യമാക്കിയിട്ടുണ്ട്. അധിക ദൂരം ചവിട്ടേണ്ട, ചെറിയ ദൂരങ്ങളിലേക്ക് വൈദ്യുതി കരുത്തിൽ എത്തിച്ചേരാം എന്നതെല്ലാം ഇലക്‌ട്രിക് സൈക്കിളുകളുടെ വലിയ ഗുണങ്ങളാണ്.
അതുമാത്രമല്ല, വൈദ്യുത സ്‌കൂട്ടറുകൾക്ക് മുടക്കുന്നതിന്റെ നാലിൽ ഒന്ന് തുക മാത്രം മതിയാവും ഇവ സ്വന്തമാക്കാനും എന്നതാണ് ഹൈലൈറ്റ്. 29,995 രൂപയ്ക്ക് സ്ട്രൈഡർ അടുത്തിടെ സീറ്റ മാക്‌സ് എന്ന പുതിയ ഇ-സൈക്കിൾ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഓഫർ വിലയാണിതെന്നും 36,995 രൂപയാണ് ബൈക്കിന്റെ യഥാർഥ വിലയെന്നും കമ്പനി പറയുന്നു. എന്തായാലും ഇതിന് ഉപഭോക്താക്കളിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.