പ്രശസ്ത ശാസ്ത്ര സ്ഥാപനമായ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ മൂന്നര സഹസ്രാബ്ദങ്ങൾപ്പുറമുള്ള ഒരു ഗന്ധം പുനസൃഷ്ടിച്ചു. സെനറ്റ്നേ എന്ന ചരിത്രകാല ഈജിപ്ഷ്യൻ വനിതയെ മമ്മിയാക്കിയപ്പോൾ ഉപയോഗിച്ച ‘അനശ്വരതയുടെ സുഗന്ധം’ എന്ന ഗന്ധമാണ് പുനസൃഷ്ടിച്ചത്. സയന്റിഫിക് റിപ്പോർട്ട്സ് എന്ന ശാസ്ത്രജേണലിലാണ് ഈ പരീക്ഷണത്തെക്കുറിച്ചുള്ള റിപ്പോർട്ട് വന്നിരിക്കുന്നത്. തേനീച്ചകളുടെ മെഴുക്, കൊഴുപ്പ്, മരങ്ങളിൽ നിന്നുള്ള എണ്ണ തുടങ്ങിയവ ഉപയോഗിച്ചാണ് ഗന്ധം സൃഷ്ടിച്ചത്.
സെനറ്റ്നേയുടെ അവയവങ്ങൾ സൂക്ഷിച്ച ഭരണികളിൽ നിന്നെടുത്ത സാംപിളുകൾ വിലയിരുത്തിയാണ് ഈ ഗന്ധത്തിനു വേണ്ട വസ്തുക്കൾ ഏതെല്ലാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ക്രൊമാറ്റോഗ്രഫി ഉൾപ്പെടെ സങ്കീർണമായ ശാസ്ത്രീയ പ്രക്രിയകൾ ഈ വിലയിരുത്തലിനായി നടത്തിയിരുന്നു. മമ്മിയാക്കൽ പ്രക്രിയയിൽ ഉപയോഗിച്ചിരുന്ന സുഗന്ധവസ്തുക്കൾ ഓരോ വ്യക്തിയുടെയും സമൂഹത്തിലെ നിലയ്ക്കും വിലയ്ക്കുമനുസരിച്ചായിരുന്നെന്ന് ഗവേഷകർ പറയുന്നു.
സെനറ്റ്നേ ആരായിരുന്നു എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇല്ല. 450 ബിസിയിലായിരുന്നു ഇവർ ഈജിപ്തിൽ ജീവിച്ചതെന്ന് കരുതപ്പെടുന്നു. അമേൻഹോടെപ് രണ്ടാമൻ ഫറവോയുടെ ആയയായിരുന്നു അവർ. ഫറവോയെ വളർത്തിവലുതാക്കുന്നതിൽ സെനറ്റ്നേ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. ഇവരുടെ മരണശേഷം മമ്മിയാക്കി രാജാക്കൻമാരുടെ താഴ്‌വര എന്ന മൃതനഗരത്തിൽ സൂക്ഷിച്ചു. രാജാക്കൻമാരെയും മറ്റും അടക്കുന്ന സ്ഥലമാണ് ഇത്. ഇവിടെ അടക്കിയതിനാൽ സെനറ്റ്നേ ഈജിപ്ഷ്യൻ സമൂഹത്തിൽ വളരെ പ്രാധാന്യമുള്ള വനിതയായിരുന്നെന്നു കരുതപ്പെടുന്നു.