നെക്സോൺ ഡോട്ട് ഇവി (Nexon.EV) എന്നാണ് കമ്പനി ഈ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ വിശേഷിപ്പിക്കുന്നത്. പുതിയ മോഡലിനെ ഇന്ന് പ്രദർശിപ്പിച്ചുവെങ്കിലും വില പ്രഖ്യാപനവും അവതരണവും മറ്റ് വിശദാംശങ്ങളും സെപ്റ്റംബർ 14-ന് ആയിരിക്കും പ്രഖ്യാപിക്കുക. അതേസമയം വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി ഇവി ദിനമായ സെപ്റ്റംബർ 9 മുതൽ ആരംഭിക്കും. മോഡൽ വാങ്ങാൻ താത്പര്യമുള്ളവർക്ക് 21,000 രൂപ ടോക്കൺ തുകയായി നൽകി എസ്‌യുവി പ്രീ-ബുക്ക് ചെയ്യാം.
ഡിസൈനിലേക്ക് വന്നാൽ സാധാരണ നെക്സോൺ പോലെ തന്നെ, ഇവിലേക്കുള്ള പരിഷ്ക്കാരങ്ങൾ ഏറെക്കുറെ കാഴ്ച്ചയിൽ മാത്രമാണുണ്ടാവുക. ടാറ്റ കർവ് കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ് സ്റ്റൈലിംഗ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ നിലവിലെ നെക്‌സോണും നെക്‌സോൺ ഇവിയും ഇലക്‌ട്രിക് ബ്ലൂ ആക്‌സന്റുകളെ മാറ്റിനിർത്തി പരസ്പരം ഒരുപോലെ കാണപ്പെടാനും തുടങ്ങിയിട്ടുണ്ട്. ആയതിനാൽ ഒറ്റനോട്ടത്തിൽ ഇവിയാണോ പെട്രോളാണോയെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടായിരിക്കും
പുത്തന്‍ രൂപകല്‍പ്പന ശരിക്കും ഒരു ലക്ഷ്വറി കാര്‍ ഫീലാണ് സമ്മാനിക്കുന്നത്. ഒരു പുതിയ എൽഇഡി ഡിആർഎൽ പാറ്റേണിന്റെ രൂപമാണ് പെട്രോൾ-ഡീസൽ മോഡലുകളിൽ നിന്നും നെക്സോൺ ഇവിയെ വേറിട്ടുനിർത്തുന്നത്. നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിൽ എൽഇഡി ഡിആർഎല്ലുകൾക്ക് ഒരു സ്പ്ലിറ്റ് സമീപമാണുള്ളത്. എന്നാൽ ഇവിയുടെ മുൻവശത്ത് കണക്റ്റഡ് ഡിസൈനാണ് ടാറ്റ മോട്ടോർസ് മുന്നോട്ടുകൊണ്ടുപോവുന്നത്. പെട്രോൾ, ഇവി മോഡലുകൾ തമ്മിലുള്ള പ്രധാന ദൃശ്യ വ്യത്യാസം ഇതായിരിക്കും. ബാക്കിയെല്ലാം സമാനമാണ്.
സീക്വൻഷ്യൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും (DRLs) പ്രധാന ക്ലസ്റ്ററിനായി ട്രപസോയ്ഡൽ ഹൗസിംഗുകളുമുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ മനോഹരമായാണ് പൂർത്തിയാക്കിയിരിക്കുന്നത്. താഴത്തെ ബമ്പറിൽ ഒരു വലിയ ഗ്രില്ലും അതിന് കുറുകെ ഒരു കട്ടിയുള്ള പ്ലാസ്റ്റിക് ബാറുമാണ് നൽകിയിരിക്കുന്നത്. പിൻഭാഗത്തേക്ക് നോക്കിയാൽ കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പുകളാണ് നെക്‌സോൺ ഇവിക്ക് നൽകിയിരിക്കുന്നത്. പ്രൈം, മാക്‌സ് എന്നിവയ്ക്ക് പകരം ലോംഗ് റേഞ്ച് (LR), മിഡ് റേഞ്ച് (MR) എന്നിങ്ങനെ വേരിയന്റുകൾ റീബാഡ് ചെയ്‌തു.
മിഡ് റേഞ്ച് പതിപ്പിൽ 30kWh ബാറ്ററി പായ്ക്കും ലോംഗ് റേഞ്ചിൽ 40.5kWh ബാറ്ററി പായ്ക്കുമാണ് ഒരുക്കിയിട്ടുള്ളത്. LR വേരിയന്റ് 465 കിലോമീറ്റർ റേഞ്ചാണ് ഒറ്റ ചാർജിൽ വാഗ്ദാനം ചെയ്യുന്നത്. അതായത് മുമ്പത്തേക്കാൾ 12 കിലോമീറ്റർ കൂടുതലാണ് കിട്ടുന്നതെന്ന് സാരം. ഒറ്റ ചാർജിൽ 325 കിലോമീറ്റർ റേഞ്ചാണ് MR വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. മുമ്പത്തേതിനേക്കാൾ 13 കിലോമീറ്റർ കൂടുതലാണ് ഇതിൽ കിട്ടുക.
രണ്ട് വേരിയന്റുകളിലും ഇപ്പോൾ സ്റ്റാൻഡേർഡായി 7.2kW എസി ചാർജറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നെക്സോൺ ഇവി ഇപ്പോൾ വെഹിക്കിൾ ടു വെഹിക്കിൾ ചാർജിംഗും വെഹിക്കിൾ ടു ലോഡ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. അതായത് പുതിയ മോഡൽ ഉപയോഗിച്ച് നിങ്ങൾക്ക് മറ്റ് ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ അല്ലെങ്കിൽ മറ്റൊരു ഇവി പോലും ചാർജ് ചെയ്യാമെന്ന് സാരം.
നെക്സോൺ ഇവിക്ക് ഇപ്പോൾ ഒരു പുതിയ ജെൻ-2 പെർമനന്റ് മാഗ്‌നറ്റ് സിൻക്രണസ് മോട്ടോറാണ് ലഭിക്കുന്നത്. മുൻപതിപ്പിലേതിനു വ്യത്യസ്‌തമായി 20 ശതമാനം ഭാരം കുറഞ്ഞതാണ്. 0-100 കിലോമീറ്റർ വേഗത വെറും 8.9 സെക്കൻഡിൽ കൈവരിക്കുമ്പോൾ 150 കിലോമീറ്ററാണ് വാഹനത്തിന് പുറത്തെടുക്കാനാവുന്ന പരമാവധി വേഗത. പുതിയ മാറ്റങ്ങൾ ഇലക്ട്രിക് എസ്‌യുവിയുടെ NVH ലെവലുകൾ മെച്ചപ്പെടുത്താനും സഹായിച്ചതായി ടാറ്റ അവകാശപ്പെടുന്നു.
അകത്തേക്ക് കയറിയാൽ ഫീച്ചറുകളാൽ സമ്പന്നമായ അകത്തളമായിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുക. എക്സ്പ്രസ് കൂളിംഗും ഓട്ടോ ഡിഫോഗറും ഉള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളാണ് അകത്തെ പ്രധാന വിശേഷം. ബാക്കിയുള്ളവയെല്ലാം പെട്രോൾ പതിപ്പുകൾക്ക് സമാനമായ മാറ്റങ്ങളാണ്. സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ISOFIX ആങ്കറേജുകൾ, ABS, ESP എന്നിവയും ലഭിക്കും.
മുന്നിലും പിന്നിലും സെൻസറുകളുള്ള 360-ഡിഗ്രി ക്യാമറ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഫ്രണ്ട് പാർക്കിംഗ് അസിസ്റ്റ് എന്നിവയും പുതിയ ടാറ്റ നെക്സോൺ ഇവിയുടെ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നുണ്ട്. ക്യാമറ പ്രവർത്തനക്ഷമമാക്കിയ ബ്ലൈൻഡ് വ്യൂ മോണിറ്ററും എസ്‌യുവിയുടെ മാറ്റുകൂട്ടുന്നുണ്ട്. ഹിൽ-ഡിസന്റ് കൺട്രോൾ, ഹിൽ-അസെന്റ് കൺട്രോൾ, പാനിക് ബ്രേക്ക് അലേർട്ട്, ഓട്ടോ വെഹിക്കിൾ ഹോൾഡ്, ഐ-ടിപിഎംഎസ് എന്നിവയ്‌ക്കൊപ്പം എമർജൻസി കോളും ബ്രേക്ക്‌ഡൗൺ കോളും സ്റ്റാൻഡേർഡായുള്ള മറ്റ് സുരക്ഷാ സാങ്കേതികവിദ്യകളിൽ ഉൾപ്പെടുന്നു.