ശാസ്ത്രത്തിന്റെ ചരിത്രത്തിലാദ്യമായി അണ്ഡവും ബീജവും ഇല്ലാതെ ഭ്രൂണം വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ഇസ്രായേലിലെ വെയ്‌സ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് 14 ദിവസം പ്രായമുള്ള മനുഷ്യന്റെ ഭ്രൂണം കോശങ്ങളിൽ നിന്നും വികസിപ്പിച്ചെടുത്തത്.
മോളിക്യുലാർ ബയോളജിസ്റ്റ് പ്രൊഫസർ ജേക്കബ് ഹന്നയുടെ നേതൃത്വത്തിലുള്ള വെയ്‌സ്മാനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് രണ്ട് തരത്തിലുള്ള കോശങ്ങളിൽ നിന്നും ഭ്രൂണം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രൊഫസർ ഹന്ന കണ്ടെത്തിയ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മനുഷ്യന്റെ ഭ്രൂണം വികസിപ്പിച്ചെടുത്തതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
കോശങ്ങളെ ഭ്രൂണം, അണ്ഡം, പ്ലാസെന്റ എന്നീ മൂന്ന് ഗ്രൂപ്പുകളായി തരംതിരിക്കും. തുടർന്ന് നടത്തുന്ന രാസപ്രവർത്തനങ്ങളിൽ 14 ദിവസം പ്രായമായ ഭ്രൂണമായി ഇത് മാറുമെന്നാണ് പരീക്ഷണങ്ങൾ പറയുന്നത്. ബീജസങ്കലനം ചെയ്ത അണ്ഡങ്ങൾക്ക് പകരമെത്തുന്ന കണ്ടുപിടുത്തം ഭാവിയിൽ വന്ധ്യത, ജനന വൈകല്യങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഫലപ്രദമാകുമെന്നാണ് ശാസ്ത്രസമൂഹത്തിന്റെ വിലയിരുത്തൽ.