ഭൂമിയിലേക്ക് എത്താന്‍ പോകുന്ന പ്രത്യേക വസ്തുവിനായുള്ള കാത്തിരിപ്പില്‍ നാസയും ഗവേഷകരും. ഏഴ് വര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച വസ്തുക്കളുമായി ബഹിരാകാശ പേടകം ഞായറാഴ്ച ഭൂമിയുടെ പരിസരത്തേക്ക് എത്തുമെന്നാണ് നാസ വിശദമാക്കുന്നത്. പേടകം ശേഖരിച്ച വസ്തുക്കള്‍ മാതൃ പേടകമായ ഓസിരിസ് റെക്സില്‍ നിന്ന് ഉട്ടാ മരുഭൂമിയില്‍ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
250 ഗ്രാം ഭാരമുള്ള കല്ലുകളും പൊടിയും അടങ്ങുന്ന വസ്തുക്കളാണ് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവില്‍ ഭൂമിയിലേക്ക് എത്താന് പോകുന്നതെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. മറ്റ് രണ്ട് ഛിന്ന ഗ്രഹങ്ങളില്‍ നിന്നായി ജപ്പാന്‍ ശേഖരിച്ചതിനേക്കാളും ഏറെ അധികമാണ് ഇവയെന്നതാണ് നാസയിലെ ഗവേഷകരെ ത്രില്ലടിപ്പിക്കുന്നത്. ഛിന്ന ഗ്രഹങ്ങളില്‍ നിന്ന് പദാര്‍ത്ഥങ്ങള്‍ ശേഖരിച്ച് അത് ക്യാപ്സൂളിലാക്കി സൂക്ഷിച്ച് ഭൂമിയിലേക്ക് ഇത്തരത്തില്‍ എത്തിക്കുന്നത് ഇത് ആദ്യമായാണ്. ഒസിരിസ്‌റെക്‌സ് ദൌത്യം വിജയമായാല്‍ കാര്‍ബണ്‍ സമ്പുഷ്ടമായ പാറക്കല്ലുകളും പൊടിയും നിറഞ്ഞ വസ്തുക്കള്‍ സൌരയൂഥത്തിന്റെ ഉറവിടത്തേക്കുറിച്ച് സൂചന നല്‍കുമെന്നാണ് വിലയിരുത്തല്‍.
ഭൂമിയും ജീവനും എന്നതില്‍ വിശാലമായ അര്‍ത്ഥങ്ങള്‍ നല്‍കാന്‍ ഛിന്ന ഗ്രഹത്തിന് ആവുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. 602 ബില്യണ്‍ കിലോമീറ്റര്‍ യാത്രയ്ക്കാണ് ഞായറാഴ്ചയോടെ അന്ത്യമാവുന്നതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2016ലാണ് ഛിന്ന ഗ്രഹത്തില്‍ നിന്ന് പദാര്‍ത്ഥ ശേഖരണം ലക്ഷ്യമിട്ടുള്ള ദൌത്യം ആരംഭിച്ചത്. ഛിന്നഗ്രഹമായ ബെന്നുവില്‍ 2018ലാണ് പേടകം എത്തുന്നത്. രണ്ട് വര്‍ഷമാണ് പദാര്‍ത്ഥ ശേഖരണത്തിനായി പേടകം ചെലവിട്ടത്. സൗരയൂഥം എങ്ങനെ രൂപപ്പെട്ടുവെന്ന് വെളിപ്പെടുത്താന്‍ കഴിയുന്ന അതീവ വിലപ്പെട്ട വിവരങ്ങളാണ് പേടകത്തിലെ ക്യാപ്സൂളിലുള്ളത്.
ഭൂമിക്കു സമീപമുള്ള ഒരു ഛിന്നഗ്രഹം സന്ദര്‍ശിക്കാനും ഉപരിതലം പരിശോധിക്കാനും ഭൂമിയിലേക്ക് എത്തിക്കാന്‍ ഒരു സാമ്പിള്‍ ശേഖരിക്കാനുമുള്ള ആദ്യത്തെ നാസ ദൌത്യത്തിന്റെ വിജയകരമായ പൂര്‍ത്തീകരണത്തിനായി കാത്തിരിക്കുകയാണ് ഗവേഷകര്‍. കൊളറാഡോ ആസ്ഥാനമായുള്ള ഫ്‌ലൈറ്റ് കണ്ട്രോളറുകള്‍ ബഹിരാകാശ പേടകത്തിനെ നിയന്ത്രിക്കുന്നത്. അപ്പോളോ ബഹിരാകാശയാത്രികര്‍ ചന്ദ്രന്‍ പാറകളുമായി മടങ്ങിയെത്തിയതിനുശേഷം നാസ ദൗത്യം ശേഖരിച്ച ഏറ്റവും വലിയ സാമ്പിള്‍ ആണിത്.