നാസക്കൊരു ഫ്രീസര്‍ വേണം. ഭൂമിയിലെ ആവശ്യത്തിനല്ല. അങ്ങ് ചന്ദ്രനിലേക്കു കൊണ്ടുപോവാന്‍. ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ നിന്നും ശേഖരിക്കുന്ന വസ്തുക്കളും ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കുള്ള വസ്തുക്കളുമാണ് ഈ ഫ്രീസറില്‍ ശേഖരിക്കുക. ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമാവുന്ന സഞ്ചാരികളില്‍ നിന്നുള്ള സാംപിളുകളും ഇതേ ഫ്രീസറിലുണ്ടാവും. ചന്ദ്രനിലേക്കുള്ള യാത്രകള്‍ മനുഷ്യ സഞ്ചാരികളെ എങ്ങനെ ബാധിക്കുന്നു എന്ന് അടക്കമുള്ള വിവരങ്ങള്‍ പഠിക്കാന്‍ ഈ ഫ്രീസറിലൂടെ ലഭിക്കുന്ന വസ്തുക്കള്‍ തെളിവുകളാവും.
ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കും തിരികെ ഭൂമിയിലേക്കും കൊണ്ടുവരാനുള്ള രീതിയിലായിരിക്കണം ഈ ഫ്രീസറിന്റെ രൂപകല്‍പന. 2027 അവസാനമാവുമ്പോഴേക്കും ഇതിന്റെ പണിപൂര്‍ത്തിയാക്കാന്‍ ശേഷിയുള്ള കരാറുകാരെയാണ് നാസ തേടുന്നത്. ആര്‍ട്ടിമിസ് 5 ദൗത്യത്തിലായിരിക്കും നാസ ചന്ദ്രനിലേക്ക് ഫ്രീസര്‍ കൊണ്ടുപോവുക. നിലവില്‍ 2029ലാണ് ഈ ദൗത്യം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്.
ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായുള്ള എസ്എല്‍എസ് റോക്കറ്റിന് യോജിച്ച രൂപത്തിലുള്ളതാവണം ലൂണാര്‍ ഫ്രീസര്‍. റോക്കറ്റിന് മാത്രമല്ല ചന്ദ്രനില്‍ ഉപയോഗിക്കുന്ന റോവറുകളിലും ഈ ഫ്രീസര്‍ ഘടിപ്പിക്കാനാവണം. എങ്കില്‍ മാത്രമേ ചന്ദ്രനിലെത്തുന്ന സഞ്ചാരികള്‍ക്ക് എളുപ്പം ഈ ഫ്രീസര്‍ കൊണ്ടുപോയി ആവശ്യമായ സാംപിളുകള്‍ ശേഖരിക്കാന്‍ സാധിക്കൂ.
ഭൂമിയില്‍ നിന്നും വിക്ഷേപിക്കുന്ന സമയത്തും ചന്ദ്രനില്‍ ഇറങ്ങുന്ന സമയത്തും സംഭവിക്കാനിടയുള്ള പ്രതിബന്ധങ്ങളേയും ആഘാതങ്ങളേയും മറികടക്കാന്‍ ഈ ഫ്രീസറിന് സാധിക്കണം. അത്യാവശ്യം കുലുക്കങ്ങളും ഇടികളുമൊക്കെ സംഭവിച്ചാലും കൂളായിരിക്കണമെന്ന് ചുരുക്കം. കഴിഞ്ഞില്ല നാസയുടെ ആവശ്യങ്ങള്‍. കുറഞ്ഞ വലിപ്പം 25x25x66 സെന്റിമീറ്റര്‍. പരമാവധി ഭാരം 55 കിലോഗ്രാം. ശേഖരിക്കുന്ന സാംപിളുകള്‍ മൈനസ് 85 ഡിഗ്രി സെല്‍ഷ്യസില്‍ പരമാവധി 30 ദിവസം വരെ സുരക്ഷിതമായി സൂക്ഷിക്കാനാവണം.
സ്വന്തം താപനില സംബന്ധിച്ച വിവരങ്ങളും എപ്പോള്‍ എത്ര സമയം ഡോര്‍ തുറന്നുവെന്നതു സംബന്ധിച്ച വിവരങ്ങളും ഈ ലൂണാര്‍ ഫ്രീസറിന് രേഖപ്പെടുത്തി സൂക്ഷിക്കാനാവണമെന്നും നാസ പറയുന്നുണ്ട്. ആര്‍ട്ടിമിസ് മൂന്ന് ദൗത്യത്തിലായിരിക്കും 1972നു ശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനില്‍ കാലുകുത്തുക. ഇത് 2025ല്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാം പ്രതീക്ഷിച്ച പോലെ നടന്നാല്‍ ആര്‍ട്ടിമിസ് 4, ആര്‍ട്ടിമിസ് 5 ദൗത്യങ്ങള്‍ 2028ലും 2029ലും സംഭവിക്കും. അഞ്ചാം ദൗത്യത്തില്‍ ലൂണാര്‍ ഫ്രീസറും ചന്ദ്രനിലെത്തും.