ജനങ്ങൾക്ക് ഏറെ ഗുണകരമായ നിരവധി നിക്ഷേപ പദ്ധതികളാണ് രാജ്യത്തെ പോസ്റ്റ് ഓഫീസുകൾ വാഗ്ദാനം ചെയ്യുന്നത്. അപകട സാധ്യത കുറഞ്ഞതും മികച്ച റിട്ടേൺസ് ലഭിക്കുന്നതുമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസിലേത്. അതുകൊണ്ട് നിരവധി ആളുകൾ അവരുടെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്കുള്ള പ്രധാന മാർഗമായി പോസ്റ്റ് നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുന്നു. നിക്ഷേപം മാത്രമല്ല ലോണും പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കും. പോസ്റ്റ് ഓഫീസിന്റെ റിക്കറിംഗ് ഡിപ്പോസിറ്റ് (ആർഡി) സ്കീം വഴിയാണ് ഉപഭോക്താക്കൾക്ക് ലോണെടുക്കാൻ സാധിക്കുന്നത്. നിങ്ങൾക്ക് പെട്ടെന്ന് പണം ആവശ്യമായി വരികയും വഴിയൊന്നും കാണാതിരിക്കുകയും ചെയ്താൽ, നിങ്ങളുടെ ഏതെങ്കിലും നിക്ഷേപം പിൻവലിക്കുന്നതിന് പകരം പോസ്റ്റ് ഓഫീസ് ആർഡിയിൽ നിന്ന് വായ്പയെടുത്ത് പണത്തിന്റെ ആവശ്യം നിറവേറ്റാം
പോസ്റ്റ് ഓഫീസിന്റെ തന്നെ ജനപ്രിയ നിക്ഷേപ പദ്ധതികളിലൊന്നാണ് റിക്കറിംഗ് ഡിപ്പോസിറ്റ്. ചെറിയ സമ്പാദ്യത്തിലൂടെ നിക്ഷേപം നടത്തി വലിയ തുക ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്കീമാണ് ഇത്. അഞ്ച് വർഷത്തെ ആർഡിയിൽ 6.7 ശതമാനം പലിശയാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്. ഇതിന് കീഴിൽ തന്നെയാണ് വായ്പ സൗകര്യവും വരുന്നത്. പോസ്റ്റ് ഓഫീസ് ആർഡിയിൽ നിന്നും എങ്ങനെ വായ്പയെടുക്കാമെന്നും നിബന്ധനകളും മറ്റു വിവരങ്ങളും വിശദമായി പരിശോധിക്കാം
പോസ്റ്റ് ഓഫീസിന്റെ അഞ്ച് വർഷത്തെ റിക്കറിംഗ് ഡിപ്പോസിറ്റ് പദ്ധതയിൽ തുടർച്ചയായി 12 മാസം നിക്ഷേപിച്ചാൽ നിങ്ങൾക്ക് വായ്പ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും. ഒരു വർഷത്തിനുശേഷം, നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിച്ച തുകയുടെ 50 ശതമാനം വരെ നിങ്ങൾക്ക് വായ്പയെടുക്കാം. ഒറ്റത്തവണയായോ തുല്യ പ്രതിമാസ തവണകളായോ തിരിച്ചടവ് നടത്താനുള്ള അവസരവും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു.
രണ്ട് ശതമാനം പലിശയാണ് ഇത്തരത്തിൽ ആർഡിയിൽ നിന്നുമെടുക്കുന്ന വായ്പയ്ക്ക് പോസ്റ്റ് ഓഫീസ് ഈടാക്കുന്നത്. ഇതോടൊപ്പം ആർഡി അക്കൗണ്ടിന് ബാധകമായ പലിശ നിരക്കും തിരിച്ചടയ്ക്കണം. പിൻവലിക്കൽ തീയതി മുതൽ തിരിച്ചടവ് തീയതി വരെയായിരിക്കും പലിശ കണക്കാക്കുക. ലോൺ എടുത്തതിന് ശേഷം കൃത്യസമയത്ത് തിരിച്ചടച്ചില്ലെങ്കിൽ, ആർഡി കാലാവധി പൂർത്തിയാകുമ്പോൾ, വായ്പ തുക പലിശ സഹിതം അതിൽ നിന്ന് കുറയ്ക്കും. ആർഡിയ്‌ക്കെതിരായ വായ്പാ സൗകര്യം ലഭിക്കുന്നതിന്, നിങ്ങൾ പാസ്‌ബുക്കിനൊപ്പം അപേക്ഷാ ഫോറം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിൽ സമർപ്പിക്കാവുന്നതാണ്.
100 രൂപ നിക്ഷേപിച്ചുകൊണ്ട് പോസ്റ്റ് ഓഫീസ് ആർഡി അക്കൗണ്ട് തുറക്കാവുന്നതാണ്. ഇത് ആർക്കും എളുപ്പത്തിൽ ലാഭിക്കാൻ കഴിയുന്ന തുകയാണ്. ഇതിൽ പരമാവധി നിക്ഷേപ പരിധിയില്ല. പോസ്റ്റ് ഓഫീസ് ആർഡിയിൽ പലിശ കൂട്ടുന്നതിന്റെ പ്രയോജനം നിങ്ങൾക്ക് ലഭിക്കും. ഓരോ പാദത്തിലും പലിശ കണക്കാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് 5 വർഷത്തിനുള്ളിൽ പലിശ രൂപത്തിൽ നല്ല ലാഭം ലഭിക്കും.