പിഴയടയ്ക്കാനുള്ള ചലാൻ കുറച്ചുകാലമായി കിട്ടാതിരുന്നതിനാല്‍ നാട്ടിലെ എ.ഐ ക്യാമറകള്‍ പ്രവർത്തനരഹിതമാണെന്ന് കരുതി ഗതാഗതനിയമങ്ങള്‍ ലംഘിച്ചവർ ‘വലിയപിഴ’ ഒടുക്കേണ്ടിവരും. പിഴയടയ്ക്കാനുള്ള ചലാൻ അയക്കല്‍ കെല്‍ട്രോണ്‍ പുനരാരംഭിച്ചു. കെല്‍ട്രോണിന് സംസ്ഥാന സർക്കാർ നല്‍കാനുണ്ടായിരുന്ന പ്രതിഫലത്തുക അനുവദിച്ചതോടെയാണിത്. 80 ലക്ഷം പേരില്‍നിന്ന് 500 കോടി രൂപ പിഴ ഈടാക്കാനുണ്ടെന്നാണ് കണക്ക്. തുടക്കത്തില്‍ വിവാദമുണ്ടായെങ്കിലും ഗതാഗത നിയമലംഘനം തടയുന്നതിനൊപ്പം സർക്കാരിന് വരുമാനംകൂടിയാകുകയാണ് പാതകളിലെ എ.ഐ ക്യാമറകള്‍. 2023 ജൂലായിലാണ് 232 കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ പൊതുമരാമത്ത് പാതകളില്‍ 732 എ.ഐ ക്യാമറകള്‍ കെല്‍ട്രോണ്‍ സ്ഥാപിച്ചത്. ക്യാമറയില്‍ കുടുങ്ങുന്ന നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാനുള്ള ചലാൻ അയക്കുന്ന ചുമതലയും കെല്‍ട്രോണിനാണ്. ഇതിന് മൂന്ന് മാസത്തിലൊരിക്കല്‍ 11.6 കോടി രൂപവീതം ധനവകുപ്പ് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഈ തുകയില്‍ കുടിശ്ശികയായിരുന്ന കഴിഞ്ഞ നാല് തവണകള്‍ ധനവകുപ്പ് അനുവദിച്ചതോടെയാണ് കെല്‍ട്രോണ്‍ വീണ്ടും പണി തുടങ്ങിയത്. സെപ്റ്റംബറില്‍ നല്‍കേണ്ടിയിരുന്ന തുക മാത്രമാണ് ഇനി അനുവദിക്കാനുള്ളത്. 2023 ജൂലായ് മുതല്‍ ഇതുവരെ 80 ലക്ഷം നിയമലംഘനങ്ങളാണ് സംസ്ഥാനത്തെ എ.ഐ ക്യാമറകളില്‍ പതിഞ്ഞത്. ആദ്യ മൂന്ന് മാസങ്ങളില്‍ കുറച്ചുപേർക്ക് ചലാൻ അയച്ചിരുന്നു. 80 ലക്ഷം പേരില്‍ വലിയൊരുവിഭാഗം ക്യാമറ പ്രവർത്തിക്കുന്നില്ലെന്ന പ്രചാരണം വിശ്വസിച്ചുണ്ടായ നിസ്സംഗതമൂലം ആവർത്തിച്ചുള്ള ഗതാഗത നിയമലംഘനം നടത്തിയവരാണ്. ഇവരെ കാത്തിരിക്കുന്നത് വലിയൊരു തുകയാകും. എം-പരിവാഹൻ സൈറ്റില്‍ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കൊടുത്ത് പിഴയില്‍ പെട്ടിട്ടുണ്ടോ എന്ന് മുൻകൂട്ടി അറിയാം.
എട്ടിന്റെ പണിയുമായി വീണ്ടും എ.ഐ ക്യാമറ
