നിങ്ങളുടെ വര്‍ക്ക് ലൈഫ് ബാലന്‍സ് അവതാളത്തിലാണോ? ഈ ചോദ്യങ്ങള്‍ ശ്രദ്ധിക്കൂ…

Advertisements
Advertisements

ജോലിയും സ്വകാര്യ ജീവിതവും ബാലന്‍സ് ചെയ്ത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന് പറയുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. അവധികളോ ഒഴിവുസമയങ്ങളോ ഇല്ലാതെ ഓവര്‍ടൈം ജോലിയുമായി കഷ്ടപ്പെടുന്നവരും നിരവധിയാണ്. ജീവിതത്തില്‍ വര്‍ക്ക് ബാലന്‍സ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുകയാണ് ഡോ. സി ജെ ജോണ്‍. വര്‍ക്ക് ലൈഫ് ബാലന്‍സ് അവതാളത്തിലാണോ എന്ന് കണ്ടെത്താന്‍ പത്ത് ചോദ്യങ്ങളാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. ഇതില്‍ മൂന്നോ അതിലധികമോ ചോദ്യങ്ങള്‍ക്ക് അതെ എന്നാണ് ഉത്തരമെങ്കില്‍ ജീവിതത്തിന്റെ ബാലന്‍സ് അവതാളത്തിലാണെന്നാണ് അര്‍ത്ഥമെന്ന് അദ്ദേഹം പറയുന്നു. ജീവിതത്തില്‍ വര്‍ക്ക് ബാലന്‍സ് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

Advertisements

ഫേസ്ബുക്ക് പോസ്റ്റ്;

വര്‍ക്ക് ലൈഫ് ബാലന്‍സ് അവതാളത്തിലാണോ? ഈ പത്ത് ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി സ്വയം ഉത്തരം കണ്ടെത്തുക…

Advertisements

(1) തൊഴില്‍ നേരം കഴിഞ്ഞാല്‍ വേണ്ടത്ര ഉല്ലാസത്തിനും വിശ്രമത്തിനും നേരം കിട്ടുന്നില്ലെന്ന തോന്നലുണ്ടോ?(2) ഒപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താറില്ലെന്ന് വീട്ടുകാര്‍ പരാതി പറയാറുണ്ടോ?(3) ആസ്വദിക്കുന്ന ഹോബികളില്‍ ഏര്‍പ്പെടാന്‍ പറ്റാത്ത വിധത്തില്‍ ജോലിയില്‍ കുടുങ്ങി പോകാറുണ്ടോ?(4) തൊഴില്‍ മേഖലയ്ക്ക് പുറത്ത് സുഹൃദ് വലയം കുറവാണോ?(5) തൊഴില്‍ പരമായ ആധികള്‍ തൊഴിലിടത്തിന് പുറത്തേക്കും വീട്ടിലേക്കും കൊണ്ട് പോകാറുണ്ടോ?(6) മനസ്സിന് ഉല്ലാസം നല്‍കുന്ന കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പറ്റാതെ പോകുന്നുണ്ടോ?(7) ജോലിത്തിരക്ക് മൂലം ആരോഗ്യ പരിപാലനവും വ്യക്തിപരമായ മറ്റ് ചുമതലകളും നീട്ടി വയ്ക്കാറുണ്ടോ?(8) തൊഴില്‍പരമായ ആവശ്യങ്ങള്‍ മൂലം കുടുംബ ചടങ്ങുകളോ സാമൂഹിക കൂട്ടായ്മകളോ ഒഴിവാക്കേണ്ടി വന്നിട്ടുണ്ടോ?(9) തൊഴില്‍ നേരം കഴിഞ്ഞാലും അതെ കുറിച്ചുള്ള ചിന്തകള്‍ വിട്ടൊഴിയാതെ നില്‍ക്കാറുണ്ടോ?(10) ഭക്ഷണം പതിവായി വൈകി കഴിക്കേണ്ടി വരികയും ഉറക്കമൊഴിയുകയും ചെയ്യേണ്ട വിധത്തില്‍ ജോലി കൂടുന്നുണ്ടോ?
മൂന്നോ അതിലധികമോ ചോദ്യങ്ങള്‍ക്ക് അതെ അല്ലെങ്കില്‍ ഉവ്വെന്നാണ് ഉത്തരമെങ്കില്‍ നിങ്ങളുടെ തൊഴില്‍ ജീവിത ബാലന്‍സ് അവതാളത്തിലാണ്.ഉറപ്പായും മാനസിക സമ്മര്‍ദ്ദത്തിന്റെ വിത്തുകള്‍ മനസ്സില്‍ വീഴും. അത് തൊഴില്‍ ചെയ്യുന്നതിലെ മികവിനെയും പതിയെ ബാധിക്കും. ആരോഗ്യത്തെ തകര്‍ക്കും. മനസ്സിന്റെ സ്വസ്ഥത നശിപ്പിക്കും.

തൊഴില്‍ ജീവിത ബാലന്‍സ് പുനഃസ്ഥാപിക്കാന്‍ കാര്യമായി എന്തെങ്കിലും ചെയ്യുക. ഈ പത്ത് കാര്യങ്ങളില്‍ തിരുത്തല്‍ വരുത്തുക. ഉല്പാദനക്ഷമതക്ക് കോട്ടം വരാതിരിക്കാന്‍ വേണ്ടിയെങ്കിലും ഈ വക കാര്യങ്ങള്‍ തൊഴില്‍ ദാതാക്കളും ശ്രദ്ധിക്കുക. തൊഴിലിടത്തില്‍ മാനസികാരോഗ്യമുള്ളവര്‍ കൂടുതലുണ്ടായാല്‍ തൊഴിലിടത്തില്‍ മികവുണ്ടാകും. അവരുടെ വ്യക്തി ജീവിതത്തിലും കുടുംബത്തിലും കൂടുതല്‍ സന്തോഷവും സമാധാനവും ഉണ്ടാകും. എന്നാലൊന്ന് ബാലന്‍സ് ചെയ്യാം. അല്ലേ?

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights