സ്കൂള്‍ ഉച്ചഭക്ഷണത്തിനുള്ള നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. എല്‍.പി വിഭാഗത്തിന് കുട്ടിയൊന്നിന് 6.19 രൂപയായും, യു.പി വിഭാഗത്തിന് കുട്ടിയൊന്നിന് 9.19 രൂപയായുമാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. എല്‍.പി വിഭാഗത്തില്‍ ഒരു കുട്ടിക്ക് ആറ് രൂപയായിരുന്നതാണ് 19 പൈസ വർധിപ്പിച്ചത്. യു.പി വിഭാഗത്തിന് 8.17 രൂപയായിരുന്നു. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പാചക ചെലവിനത്തില്‍ സ്കൂളുകള്‍ക്ക് അനുവദിക്കുന്ന സപ്ലിമെന്ററി ന്യൂട്രിഷൻ പരിപാടി ഒഴികെയുള്ള തുക (മെറ്റീരിയല്‍ കോസ്റ്റ്) യിലാണ് മാറ്റം. മെറ്റീരിയല്‍ കോസ്റ്റിന്റെ കേന്ദ്ര-സംസ്ഥാന മാൻഡേറ്ററി നിരക്കുകള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ പരിഷ്‌കരിച്ചതിനെ തുടർന്നാണ് നിരക്കുകള്‍ പുതുക്കാൻ സംസ്ഥാനം തീരുമാനിച്ചത്. എല്‍.പി വിഭാഗത്തിന്റെ 6.19 രൂപയില്‍ 3.71 രൂപ കേന്ദ്ര വിഹിതവും 2.48 സംസ്ഥാന വിഹിതവുമാണ്. യു.പി വിഭാഗത്തിന്റെ 9.19 രൂപയില്‍ 5.57 രൂപ കേന്ദ്ര വിഹിതമായി ലഭിക്കും. സംസ്ഥാനം നല്‍കുന്നത് 3.72 രൂപയാണ്. എന്നാല്‍, ഉച്ചഭക്ഷണ തുക വകയിരുത്തുന്നതില്‍ എല്‍.പി, യു.പി ക്ലാസുകളില്‍ വ്യത്യസ്‌ത തുക അനുവദിക്കുന്നതിനെതിരെ കേരള ഗവണ്‍മെന്റ് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ, കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ തുടങ്ങിയ പ്രഥമാധ്യാപക സംഘടനകള്‍ രംഗത്തെത്തി. തുകയില്‍ വിവേചനം തുടരുന്നത് അശാസ്‌ത്രീയമാണെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികള്‍, പല വ്യഞ്ജനങ്ങള്‍, ഗ്യാസ് തുടങ്ങിയവക്കുള്ള തുകയാണ് സർക്കാർ അനുവദിക്കുന്നത്. യാഥാർഥ്യങ്ങള്‍ അറിയാത്ത ഉദ്യോഗസ്ഥരാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നിലെന്നും സംഘടനകള്‍ ആരോപിക്കുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആഹാരം കഴിക്കുന്നത് എല്‍.പി വിഭാഗത്തിലാണ്. അത്തരം സ്‌കൂളുകള്‍ക്ക് വെറും 19 പൈസയുടെ മാത്രം വർധന നീതീകരിക്കാനാവില്ല. സപ്ലിമെന്ററി ന്യൂട്രിഷൻ പരിപാടി ഒഴിവാക്കി നേരത്തെയുണ്ടായിരുന്ന എട്ട് രൂപ നിലനിർത്തണം എന്ന ആവശ്യവും സംഘടനകള്‍ മുന്നോട്ടുവെക്കുന്നുണ്ട്
സ്കൂള്‍ ഉച്ചഭക്ഷണ നിരക്കുകള്‍ പുതുക്കി
