ഇന്ത്യയിലെ മിഡില്‍ ക്ലാസുകാരും സാധാരണക്കാരുമെല്ലാം നേരിടുന്ന വലിയ പ്രശ്‌നമാണ് നികുതി ഭാരം. എന്ത് ഉല്പന്നം വാങ്ങിയാലും അതിന്റെ തുകയുടെ ഒരു ഭാഗം നികുതി കൊടുത്ത് വേണം വാങ്ങാൻ. ഇന്ത്യയില്‍, നമ്മള്‍ മിക്കവാറും എല്ലാത്തിനും നികുതി അടയ്ക്കുന്നുണ്ട്. വീട്ടില്‍ വരുന്ന കറണ്ട് ബില്ലിനായാലും യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കായാലും ടാക്‌സ് അടച്ചേ പറ്റൂ. പ്രത്യേകിച്ച് പുതിയൊരു വാഹനം വാങ്ങുമ്പോള്‍ പലർക്കും തലവേദനയാവുന്ന കാര്യമാണ് റോഡ് ടാക്‌സ്. കേന്ദ്ര സർക്കാരിലേക്കും സംസ്ഥാന സർക്കാരിലേക്കുമെല്ലാം നിതുതിയടച്ചാല്‍ മാത്രമേ വണ്ടി നിരത്തിലിറക്കാനാവൂ. ഇന്ത്യയുടെ നികുതി-ജിഡിപി അനുപാതം 19 ശതമാനമാണെന്നും ഇത് 14.5 അനുപാത നിരക്കുള്ള ചൈന, വിയറ്റ്നാം തുടങ്ങിയ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നുമാണ് കണക്കുകൾ പറയുന്നത്. നമ്മളേക്കാള്‍ പത്തിരട്ടി സമ്പന്നമായ കൊറിയയെയും യുഎസിനെയും പോലെയാണ് ഇന്ത്യയില്‍ നികുതി ചുമത്തുന്നത്, ഇതിനെ കുറിച്ച് സർക്കാരുകള്‍ കൃത്യമായ വിശദീകരണം നല്‍കേണ്ടതുണ്ട്. ഉയർന്ന ശതമാനത്തില്‍ ഈടാക്കുന്ന നികുതി ഭാരം ജനങ്ങളില്‍ നിന്നും എടുത്തുമാറ്റുകയും ഖജനാവില്‍ പണമെത്താൻ ഇതര മാർഗ്ഗങ്ങള്‍ അന്വേഷിക്കേണ്ടതും കാലത്തിന്റെ ആവശ്യമാണ്. വർധിച്ചുവരുന്ന നികുതികള്‍ കാരണം സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഈ വരുന്ന ബജറ്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പരിഗണിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
നികുതിയിൽ മുങ്ങി സാധാരണക്കാർ
