ലോകത്തെ ഏറ്റവും ജനപ്രിയ ആശയവിനിമയ ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ്ആപ്പ്. സ്മാർട്ട് ഫോൺ കൈവശമുള്ള എല്ലാവരും ആദ്യം ഇൻസ്റ്റാൾ ചെയ്യുന്നതും വാട്ട്സ്ആപ്പ് തന്നെയായിരിക്കും. ടെക്സ്റ്റ് മെസേജുകൾ, വോയിസ്, വീഡിയോ കോളുകൾ തുടങ്ങിയവയ്ക്കാണ് കൂടുതൽ പേരും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്. സൗദി അറേബ്യ പോലുള്ള ചില ഗൾഫ് രാജ്യങ്ങളിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കാമെങ്കിലും വീഡിയോ, വോയിസ് കോളുകൾ എടുത്തുമാറ്റിയിരുന്നു. എന്നാൽ ഇപ്പോഴിതാ ആ ഫീച്ചർ സൗദി അറേബ്യയിൽ തിരിച്ചുവന്നെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
വർഷങ്ങൾക്ക് ശേഷമാണ് ഈ ഫീച്ചർ സൗദിയിൽ തിരിച്ചെത്തുന്നതെന്ന് സാങ്കേതിക വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ ഇത് സ്ഥിരമായുള്ള മാറ്റമാണോ താൽക്കാലികമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഔദ്യോഗികമായ സ്ഥിരീകരണവും ഇതുസംബന്ധിച്ച് പുറത്തുവന്നിട്ടില്ല. ബന്ധപ്പെട്ട അധികൃതർ ഇതേക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തിറക്കാത്ത സാഹചര്യത്തിൽ ഇതേക്കുറിച്ച് ചിലർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ടെലികമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവ വർദ്ധിപ്പിക്കാനും ഉപയോക്താക്കൾക്കുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് സാങ്കേതിക വിദഗ്ധൻ അബ്ദുല്ല അൽ സുബൈ പറഞ്ഞു. 2015ൽ ആണ് വാട്ട്സ്ആപ്പിൽ വോയിസ് കോൾ ഫീച്ചർ ലഭ്യമായത്. 2016ൽ വീഡിയോ കോൾ സൗകര്യവും ലഭ്യമായിത്തുടങ്ങി. ചില നിയന്ത്രണ നയങ്ങളുടെ ഭാഗമായിട്ടാണ് സൗദി അറേബ്യ വോയിസ്, വീഡിയോ കോളുകൾ നിരോധിച്ചത്.
2024 മാർച്ചിൽ വാട്ട്സ്ആപ്പ് കോളുകൾക്കുള്ള നിരോധനം സൗദി എടുത്തുമാറ്റിയെന്ന തരത്തിൽ പ്രചരണം ഉണ്ടായിരുന്നു. എന്നാൽ സൗദി അറേബ്യയുടെ കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആൻഡ് ടെക്‌നോളജി കമ്മീഷൻ ഈ പ്രചാരണം നിഷേധിച്ചു. വാട്ട്സ്ആപ്പ് കോളുകൾ സൗദിയിൽ ആക്സസ് ചെയ്യാൻ കഴിയില്ലെന്ന് അവർ വീണ്ടും സ്ഥിരീകരിച്ചു. പുതിയ തീരുമാനം സ്ഥിരമാണെങ്കിൽ സൗദി അറേബ്യയിലുള്ള മലയാളികളടക്കമുള്ള പ്രവാസികൾക്ക് അനുഗ്രഹമാകും. നാട്ടിലേക്കുള്ള ഫോൺവിളികൾ ഇനി വാട്സാപ്പ് വഴി നടത്താനും അവർക്ക് കഴിയും.