സ്വര്‍ണത്തെ സുരക്ഷിതമായ നിക്ഷേപമായാണ് എല്ലാവരും കാണുന്നത്. അതിനാല്‍ തന്നെ കേവലം ആഭരണം, അലങ്കാരം എന്നിവയേക്കാളുപരി ഒരു ആസ്തിയായാണ് എല്ലാവരും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത്.എന്നാല്‍ സ്വര്‍ണം ഭൗതികമായി സൂക്ഷിച്ച് വെക്കുന്നത് ബുദ്ധിമുട്ടേറിയ ഒന്നാണ്. വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നത് സുരക്ഷിതമായ നടപടിയല്ല. അതിനാല്‍ തന്നെ ബാങ്കുകളിലെ ലോക്കറുകള്‍ ആണ് ഇതിനായി എല്ലാവരും ഉപയോഗിക്കുന്നത്.
എന്നാല്‍ സ്വര്‍ണവും ആഭരണങ്ങളും ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കുന്നതിന് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കാറുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് എസ്ബിഐയില്‍ ഒരു അക്കൗണ്ട് ഉണ്ടെങ്കില്‍ യാതൊരു ഫീസും നല്‍കാതെ നിങ്ങളുടെ സ്വര്‍ണം സുരക്ഷിതമായി സൂക്ഷിക്കാന്‍ ഒരു മാര്‍ഗമുണ്ട്. മാത്രമല്ല ഇതില്‍ നിന്ന് ചെറിയ വരുമാനവും നിങ്ങള്‍ക്ക് ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീം എന്ന് അറിയപ്പെടുന്ന എസ്ബിഐയുടെ പുതുക്കിയ സ്വര്‍ണ്ണ നിക്ഷേപ പദ്ധതി (ആര്‍-ജിഡിഎസ്) വഴിയാണ് ഇത് സാധ്യമാകുന്നത്. ഈ പദ്ധതിയില്‍ മൂന്ന് വ്യത്യസ്ത രീതികളില്‍ നിങ്ങള്‍ക്ക് സ്വര്‍ണം നിക്ഷേപിക്കാം. ഇത് സംബന്ധിച്ച വിശദാംശങ്ങളെ കുറിച്ച് നമുക്ക് കൂടുതല്‍ അറിയാം. പുതുക്കിയ സ്വര്‍ണ്ണ നിക്ഷേപ പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വര്‍ണം മൂന്ന് വിഭാഗങ്ങളായി നിക്ഷേപിക്കാം.
ഹ്രസ്വകാല നിക്ഷേപം, ഇടത്തരം നിക്ഷേപം, ദീര്‍ഘകാല നിക്ഷേപം എന്നിവയാണ് അവ. ഹ്രസ്വകാല നിക്ഷേപത്തില്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ സ്വര്‍ണം നിക്ഷേപിക്കാം. ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 0.55 ശതമാനം വാര്‍ഷിക പലിശ ലഭിക്കും. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക്, പലിശ നിരക്ക് പ്രതിവര്‍ഷം 0.60 ശതമാനമായി വര്‍ധിക്കുന്നു.
ഇടത്തരം നിക്ഷേപത്തിന് അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ കാലാവധിയുണ്ട്. പ്രതിവര്‍ഷം 2.25 ശതമാനമാണ് ഇതിലെ പലിശ. 12 മുതല്‍ 15 വര്‍ഷം വരെ കാലാവധിയുള്ള ദീര്‍ഘകാല നിക്ഷേപത്തിന് പ്രതിവര്‍ഷം 2.50 ശതമാനമാണ് പലിശ. ഇടത്തരം നിക്ഷേപം, ദീര്‍ഘകാല നിക്ഷേപം എന്നിവയില്‍ നിങ്ങളുടെ മുതലിന്റെ മൂലധനം സ്വര്‍ണ രൂപത്തില്‍ പരിഗണിക്കും എന്നതാണ് മറ്റൊരു ആകര്‍ഷണം.
കാലാവധി പൂര്‍ത്തിയാകുമ്ബോള്‍ സ്വര്‍ണം സ്വീകരിക്കാന്‍ രണ്ട് ഓപ്ഷനുകള്‍ ആണ് ഉള്ളത്. ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വര്‍ണം പലിശ സഹിതം സ്വീകരിക്കാം. ഇതിനായി ഒന്നുകില്‍ സ്വര്‍ണം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ തിരികെ എടുക്കാം. അല്ലെങ്കില്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി മൂല്യത്തിന് തുല്യമായ പണം സ്വീകരിക്കുകയും ചെയ്യാം. വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ സ്വര്‍ണം ഉപയോഗിക്കുകയും ഉപഭോക്താക്കള്‍ക്ക് അതില്‍ പലിശ നേടാന്‍ അനുവദിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2015 ല്‍ ആണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്
ബാങ്കിലെയും വീട്ടിലെയും ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം എടുത്ത് അക്കൗണ്ടിൽ ഇട്ടാൽ പലിശ ഇങ്ങോട്ട് കിട്ടും; എസ്ബിഐയുടെ ആകർഷകമായ പദ്ധതിയെക്കുറിച്ച് അറിയാം
