ഒരു ദശാബ്ദത്തിനിടെ കേരളത്തില്‍ പ്രമേഹം മൂലമുള്ള മരണങ്ങള്‍ ഇരട്ടിയായതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മരണനിരക്കിലും രോഗവര്‍ധനയിലും പ്രമേഹത്തിന്റെ പങ്ക് ഉയര്‍ന്നുവരുന്നു എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ ഓഫ് കോസ് ഓഫ് ഡെത്ത് (MCDD) 2023 റിപ്പോര്‍ട്ട് അനുസരിച്ച് 2014-ല്‍ മൊത്തം മരണങ്ങളില്‍ 10.3 ശതമാനമായിരുന്നു പ്രമേഹവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലമുള്ള മരണനിരക്ക്. 2023 ആയപ്പോഴെക്കും മരണനിരക്ക് 19.09 ശതമാനമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇന്ത്യ ഡയബറ്റിസ് നടത്തിയ ഒരു പഠനത്തില്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 42 ശതമാനം പേര്‍ പ്രമേഹ രോഗികളോ പ്രീ ഡയബറ്റിക്കോ ആണ്. ഈ പശ്ചാത്തലത്തിലാണ് പ്രമേഹം മൂലമുള്ള മരണങ്ങള്‍ ഇരട്ടിയായതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം 26.44 ശതമാനം ആളുകള്‍ മരിക്കുമ്പോള്‍ പ്രമേഹം ബാധിച്ച് (20.45%) മരിക്കുന്ന ആളുകളുടെ വര്‍ധന ആശങ്ക ഉളവാക്കുന്നതാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണങ്ങളുടെ എണ്ണം 3.36% കുറഞ്ഞു. അതേസമയം എന്‍ഡോക്രൈന്‍, പോഷകാഹാരക്കുറവ്, ഉപാപചയ രോഗങ്ങള്‍, പ്രമേഹം എന്നിവ മൂലമുള്ള മരണനിരക്ക് 6.8 ശതമാനം വര്‍ധിച്ചു. ഇതില്‍ പ്രമേഹത്തിന്‍റെ പങ്ക് 93 ശതമാനമാണെന്നും കണക്ക് വ്യക്തമാക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കരള്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഒരു പ്രധാന രോഗമാണ് പ്രമേഹമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. പ്രമേഹം ബാധിക്കുന്ന ചെറുപ്പക്കാരുടെ അനുപാതം വര്‍ധിച്ചുവരുന്നുണ്ട്. ഇത് പ്രമേഹവുമായി ബന്ധപ്പെട്ട പ്രായപരിധിയിലെ മാറ്റത്തെ സൂചിപ്പിക്കുന്നു. പ്രമേഹവുമായി ബന്ധപ്പെട്ട മരണങ്ങള്‍ പ്രധാനമായും 30 വയസിന് ശേഷമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഫലപ്രദമായ ഇടപെടലുകളാണ് അകാല മരണങ്ങള്‍ കുറയ്ക്കുന്നതിനുള്ള പ്രധാന മാര്‍ഗം. പ്രമേഹവുമായി ബന്ധപ്പെട്ട മരണങ്ങളുടെ അനുപാതം പ്രായത്തിനനുസരിച്ച് ഗണ്യമായി വര്‍ധിക്കുന്നു. 35 മുതല്‍ 44 വയസുള്ളവരില്‍ 3% ആണെങ്കില്‍ 55 മുതല്‍ 64 പ്രായത്തിലുള്ളവരില്‍ ഇത് 23 ശതമാനമായി ഉയര്‍ന്നു. 55 മുതല്‍ 64 പ്രായത്തിലുള്ളവരില്‍ ഇത് 23 ശതമാനമായി ഉയര്‍ന്നു. 70-നും അതിനുമുകളില്‍ പ്രായമുള്ളവരില്‍ 46 ശതമാനമായി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നത് ലക്ഷ്യബോധത്തോടെയുള്ള ഇടപെടല്‍ ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്‍സിഡി നിയന്ത്രണ പരിപാടിയും സുസ്ഥിര വികസന ലക്ഷ്യങ്ങളും അകാല മരണങ്ങള്‍ കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും 55 മുതല്‍ 64 വയസുവരെ ഉള്ളവരിലെ ഉയര്‍ന്ന മരണ നിരക്ക് ഒരു ആശങ്കയായി തുടരുന്നു. ഈ ഗ്രൂപ്പിലെ മരണത്തിന്റെ പ്രധാന കാരണങ്ങള്‍ ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവുമാണ്. അകാല മരണങ്ങള്‍ കുറയ്ക്കുന്നതിന് ഫലപ്രദമായ ഇടപെടല്‍ ആവശ്യമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രമേഹം മരണത്തിന്റെ അടിയന്തര കാരണമാകുന്നത് അപൂര്‍വമാണെങ്കിലും മറ്റ് മാരകമായ അവസ്ഥകള്‍ക്ക് പലപ്പോഴും കാരണമാകുന്ന ഘടകമാണെന്ന് വിദ്ഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രമേഹം മൂലമുള്ള മരണങ്ങളില്‍ ഭൂരിഭാഗവും ഹൃദയ സംബന്ധമായ അസുഖം മൂലമാകാമെന്നുമാണ് വിദഗ്ധർ പറയുന്നത്.
കേരളത്തില്‍ പ്രമേഹ മരണങ്ങള്‍ ഇരട്ടിയായി
