ഓട്ടം കുറഞ്ഞു ;രക്ഷയില്ലാതെ ഓട്ടോ തൊഴിലാളികള്‍

Advertisements
Advertisements

ഓട്ടോറിക്ഷകള്‍ പെരുകുകയും ജനങ്ങള്‍ സ്വന്തം വാഹനം ഉപയോഗിക്കുന്നത് കൂടുകയും ചെയ്തതോടെ ഓട്ടോ തൊഴിലാളികള്‍ പ്രതിസന്ധിയില്‍. ദിവസം 500 രൂപ പോലും കിട്ടാത്ത അവസ്ഥയിലാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ഓട്ടോ തൊഴിലാളികളും. നഗരങ്ങളില്‍ ഓട്ടോകളെ ആശ്രയിക്കുന്നവർ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിൽ ഓടുന്നവർക്ക് പ്രതിസന്ധി ഏറെയാണ്. ഫിറ്റ്നസ് വ്യവസ്ഥകളും സ്പെയർപാർട്സിന്റെ വിലക്കയറ്റവും പ്രതിസന്ധി രൂക്ഷമാക്കുന്നു. സംസ്ഥാനത്ത് 7.3 ലക്ഷത്തോളം ഓട്ടോകളുണ്ടെന്നാണ് കണക്ക്. വാടകയ്ക്ക് ഓട്ടോ ഓടിക്കുന്നവർക്ക് വാടകപ്പണത്തിന് പുറമേ, തൊഴിലിന്റെ കൂലികൂടി കിട്ടിയാലേ മുതലാകൂ. സ്വന്തം ഓട്ടോറിക്ഷയുള്ളവർക്കാകട്ടെ ബാങ്ക് വായ്പാ തിരിച്ചടയ്ക്കാനുള്ള തുകയും കൂലിയും കിട്ടണം ഈ പണി തുടരാൻ. കോവിഡ് കാലത്തു മാത്രമാണ് കേരളത്തില്‍ പുതിയ ഓട്ടോറിക്ഷകളുടെ എണ്ണം കുറഞ്ഞത്. അതിനുശേഷം നന്നായി കൂടി. ഓട്ടോ സ്റ്റാൻഡുകളില്‍നിന്ന് സർവീസ് നടത്തുന്ന നാലുചക്ര ഓട്ടോട്ടോ ടാക്സികള്‍ക്കും സാധാരണ ടാക്സികള്‍ക്കും നല്‍കുന്ന ഇളവ് ഓട്ടോറിക്ഷകള്‍ക്ക് കിട്ടുന്നില്ലെന്നതാണ് തൊഴിലാളികളുടെ പരാതി. ഓട്ടോറിക്ഷയ്ക്കും ടാക്സിക്കും മീറ്റർ ബാധകമല്ല. ഇവയ്ക്ക് രണ്ട് ദിശയിലേക്കുമുള്ള ദൂരം കണക്കിലാക്കി കൂലി ഈടാക്കാം. വർഷം തോറും ഓട്ടോയുടെ മീറ്റർ സീല്‍ ചെയ്യാൻ 200 രൂപയാണ് ഫീസ്. ഇത് ഒരു ദിവസം വൈകിയാല്‍ 2,000 രൂപയാണ് പിഴ. വർഷം തോറുമുള്ള ഫിറ്റ്നസിന് ഫീസ് 500 രൂപയാണ്. ഇതിനായി 10,000 രൂപയുടെ അറ്റകുറ്റപ്പണി നടത്തണം. റോഡ് നികുതി ഒടുക്കാൻ ഉടമയുടെ ക്ഷേമനിധി വിഹിതം മാത്രം അടച്ചാല്‍ മതി. തൊഴിലാളി ക്ഷേമനിധി അടയ്ക്കേണ്ടതില്ലെന്നത് തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്. മീറ്ററിലെ വാടക ഈടാക്കുന്നതു സംബന്ധിച്ച്‌ യാത്രക്കാരും ഓട്ടോ തൊഴിലാളികളും തമ്മിലുള്ള തർക്കവും ഇപ്പോള്‍ പ്രതിസന്ധിയാകുന്നുണ്ട്. ഗ്രാമീണ മേഖലയിലെ ഓട്ടോ തൊഴിലാളികള്‍ കൂടുതല്‍ വാടക വാങ്ങുന്നുവെന്നതാണ് യാത്രക്കാരുടെ ആരോപണം. സർക്കാർ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം നഗരപരിധിക്ക് പുറത്തേക്കുള്ള യാത്രയ്ക്ക് അധിക ചാർജ് ഈടാക്കാം. സർക്കാർ നിശ്ചയിച്ച നഗരപരിധി കഴിഞ്ഞുള്ള യാത്രയ്ക്ക് മൊത്തം മീറ്റർ ചാർജില്‍നിന്ന് മിനിമം ചാർജ് കുറച്ച ശേഷം ബാക്കി വരുന്ന തുകയോടൊപ്പം 50 ശതമാനം ചാർജും ഈടാക്കാമെന്നാണ് സർക്കാർ ഉത്തരവിലുള്ളത്. ഇതേ മാനദണ്ഡമാണ് ഗ്രാമീണ മേഖലയിലാകമാനം ബാധകം. മീറ്റർ ഇടാതെ സർവീസ് നടത്താൻ ഗതാഗതവകുപ്പ് ആർക്കും അനുമതി നല്‍കിയിട്ടുമില്ല.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights