2025 ജനുവരി 1 മുതല്‍ 30 വരെയുള്ള കാലയളവില്‍ 99 ലക്ഷം ഇന്ത്യന്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് ഉപയോഗിച്ചുകൊണ്ടുള്ള പണം തട്ടല്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുക, വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യത നിലനിര്‍ത്തുക, എന്നിവയുടെ ഭാഗമായിട്ടായിരുന്നു നടപടിയെന്നും വാട്‌സ് ആപ്പ് അറിയിച്ചു. വാട്‌സ്ആപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെടുന്ന എല്ലാ അക്കൗണ്ടുകളും തുടര്‍ന്നും നിരോധിക്കുമെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.
99,67,000 അക്കൗണ്ടുകളാണ് ജനുവരിയില്‍ ഇന്ത്യയില്‍ വാട്‌സ്ആപ്പ് നിരോധിച്ചത്. അതില്‍ 13,27,000 അക്കൗണ്ടുകള്‍ യൂസര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പായി തന്നെ നിരോധിച്ചു. അക്കൗണ്ട് ദുരുപയോഗം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
മൂന്നുഘട്ടങ്ങളായിട്ടാണ് വാട്‌സ്ആപ്പ് നടപടി സ്വീകരിക്കുന്നത്. സംശയകരമായി തോന്നുന്ന അക്കൗണ്ടുകള്‍ ആരംഭിക്കുന്ന സമയത്തുതന്നെ ഫ്‌ളാഗ്-ബ്ലോക്ക് ചെയ്യും. വാട്‌സ്ആപ്പിന്റെ ഓട്ടോമാറ്റിക് സിസ്റ്റം അക്കൗണ്ടിന്റെ സംശയകരമായ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. സ്പാം അല്ലെങ്കില്‍ കൂട്ടത്തോടെയുള്ള മെസേജിങ് എന്നിവ. ഇത് ശ്രദ്ധയില്‍ പെട്ടാലും അക്കൗണ്ട് നിരോധിക്കും. വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉപദ്രവകരമായ, നിയമലംഘനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളും നിരോധിക്കും. പരിശോധിച്ച ശേഷം മാത്രമായിരിക്കും നടപടി.
നിരോധിക്കുന്നതിനുള്ള കാരണങ്ങള്‍
സേവനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ അക്കൗണ്ടിന് പൂട്ടുവീഴും. അതായത് ഒരുമിച്ച് ഒരുപാട് മെസേജുകള്‍ അയയ്ക്കുക, തട്ടിപ്പില്‍ പങ്കാളിയാവുക, തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയവയെല്ലാം അക്കൗണ്ട് നിരോധനത്തിലേക്ക് നയിക്കും.
നിയമലംഘന പ്രവര്‍ത്തനങ്ങള്‍ കണ്ടാലും നടപടിയെടുക്കും. ഇന്ത്യന്‍ നിയമപ്രകാരം നിയമലംഘന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകള്‍ ആണ് ഇത്തരത്തില്‍ നിരോധന നടപടി നേരിടേണ്ടി വരിക. ഉപയോക്താക്കളുടെ പരാതികളുടെ അടിസ്ഥാനത്തിലും നടപടിയെടുക്കും.
ഒഴിവാക്കാന്‍ എന്തുചെയ്യും?
അക്കൗണ്ടില്‍ നിന്ന് അസ്വാഭാവികമായ നടപടികള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ മാത്രമേ അക്കൗണ്ട് നിരോധിക്കൂ. വാട്‌സ്ആപ്പ് മുന്നോട്ടുവയ്ക്കുന്ന ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. സ്പാം കോളുകളോ, മെസേജുകളോ ലഭിക്കുന്നുണ്ടെങ്കില്‍ ഉടന്‍ വാട്‌സ്ആപ്പില്‍ അറിയിക്കുക. നിങ്ങളെയും മറ്റ് ഉപയോക്താക്കളെയും ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷിക്കുന്നതിനായി അത്തരം റിപ്പോര്‍ട്ടിങ്ങുകള്‍ അത്യാവശ്യമാണ്.