ഫാഷൻ റാമ്പുകളിൽ തിളങ്ങി രണ്ടാം ക്ലാസുകാരി
വെള്ളമുണ്ട: നഗരപ്രദേശങ്ങളിലെ കുട്ടികൾ മാത്രം പങ്കെടുക്കാറുള്ള ഫാഷൻ ഷോ റാമ്പുകളിൽ തിളങ്ങി വെള്ളമുണ്ട സ്വദേശിനിയായ കൊച്ചുമിടുക്കി.
ആറുമാസം മുമ്പുമാത്രം ഫാഷൻ രംഗത്തേക്ക് കാലെടുത്തുവച്ച വെള്ളമുണ്ട എ യുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി നൈക ഷൈജിത്താണ് ചുരുങ്ങിയ കാലം കൊണ്ട് ഡിസൈനർ ഷോകളിലെ താരമായത്.
ഇരുപത്തിയഞ്ചോളം റാമ്പുകളിലാണ് നൈക ഇതുവരെ ചുവടുവച്ചത്. ഫാഷൻ ഷോകളിലെ മത്സര ഇനമായ പേജൻ്റ് ഷോകളേക്കാൾ കൂടുതലായി ഡിസൈനർ ഷോകളിലാണ് നൈക പങ്കെടുക്കാറുള്ളത്.
എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിയാട്രിക്സ് എന്ന മോഡലിംഗ് കമ്പനിയുടെ ഒഫീഷ്യൽ കിഡ്സ് മോഡലായ നൈക ഷൈജിത് നിരവധി ഡിസൈനർ ഷോകളിൽ ഷോ ഓപ്പണറായും ഷോ സ്റ്റോപ്പറായും പങ്കെടുക്കാറുണ്ട്. ബിയാട്രിക്സ് കമ്പനി സിഇഒയും റോയൽ മിസ് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പുമായ ഹിന എൽസയുടെ ശിക്ഷണത്തിലാണ് ഈ കൊച്ചുമിടുക്കി നേട്ടങ്ങൾ കൊയ്യുന്നത്.
ഇക്കാലയളവിൽ അഞ്ച് പേജൻ്റ് ഷോകളിൽ പങ്കെടുത്ത നൈക പെരിന്തൽമണ്ണയിൽ നടന്ന ഗ്ലാം ഗാല 2025 ഫാഷൻ ഷോയിൽ ടൈറ്റിൽ വിന്നറായിരുന്നു. തിരുപ്പൂരിൽ നടന്ന പ്രിൻസസ് പേൾ ഐക്കൺ ഓഫ് ഇന്ത്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു.
കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ വെള്ളിത്തിരയിലേക്കും ചുവടുവയ്കുകയാണ് നൈക. ഒരു തമിഴ് സിനിമയിൽ നായികയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിനുള്ള അവസരവും നൈകയെ തേടിയെത്തിയിട്ടുണ്ട്.
വെള്ളമുണ്ട സ്വദേശിയും മുൻ മാധ്യമപ്രവർത്തകനും എടവക ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുമായ വി.എം ഷൈജിത്തിന്റെയും വെള്ളമുണ്ട അൽ കറാമ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ ദിവ്യയുടെയും മകളാണ്. സഹോദരൻ നൈതിക് വെള്ളമുണ്ട ഗവ. ഹൈസ്കൂൾ വിദ്യാർഥിയാണ്.
ഫാഷൻ റാമ്പുകളിൽ തിളങ്ങി രണ്ടാം ക്ലാസുകാരി
