എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് ഒന്‍പതിന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് ഒൻപത് വെള്ളിയാഴ്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചതാണിത്. എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ 2025 മാർച്ച് മൂന്നിന് ആരംഭിച്ച് മാർച്ച് 26-നാണ് അവസാനിച്ചത്.സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതി. അതിൽ ആൺകുട്ടികൾ 2,17,696, പെൺകുട്ടികൾ 2,09,325. സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും, എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും, അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്കീമിൽ എട്ട് കുട്ടികളും പരീക്ഷ എഴുതിയിരുന്നു.റ്റി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതിയത്. അതിൽ ആൺകുട്ടികൾ 2,815, പെൺകുട്ടികൾ 242. എ.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത്. ആർട്ട് ഹയർ സെക്കണ്ടറി സ്കൂൾ കലാമണ്ഡലം ചെറുതുരുത്തിയിൽ അറുപത്തിയഞ്ച് വിദ്യാർത്ഥികൾ പരീക്ഷയെഴുതി. എസ്.എസ്.എൽ.സി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാർത്ഥികളും. റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രത്തിൽ 12 വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്.

സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു. മെയ് മാസം ഒമ്പത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടന്നുവരുന്നുവെന്നും മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights