മമ്മൂട്ടി പടത്തിന് അപ്രതീക്ഷിത ബ്രേക്ക്; ഇടവേളയില്‍ തമിഴില്‍ അരങ്ങേറ്റം; ബോക്‌സ്ഓഫിസ് തൂത്തുവാരി ‘ഫാലിമി’ സംവിധായകന്‍

‘ഫാലിമി’ എന്ന ഹൃദ്യമായ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന സംവിധായകന്‍ നിതീഷ് സഹദേവ് ഇപ്പോള്‍ തമിഴകത്തും വിജയക്കൊടി പാറിക്കുകയാണ്. തമിഴ് താരം ജീവയെ നായകനാക്കി നിതീഷ് ഒരുക്കിയ ‘തലൈവര്‍ തമ്പി തലൈമയില്‍’ എന്ന ചിത്രം ബോക്‌സ്ഓഫിസില്‍ തരംഗമാകുമ്പോള്‍, ഒരു മലയാളായി സംവിധായകന്‍ തമിഴ് സിനിമയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചതിന്റെ ആവേശത്തിലാണ് സിനിമാലോകം. ജീവയുടെ സ്‌ക്രീന്‍ പ്രസന്‍സും മലയാളിത്തമുള്ള മേക്കിങ്ങും ഒത്തുചേര്‍ന്നപ്പോള്‍ പിറന്നത് ഒരു പക്കാ ഇമോഷനല്‍ റോളര്‍ കോസ്റ്റര്‍ മൂവിയാണ്. മമ്മൂക്ക ചിത്രത്തിന് ലഭിച്ച ചെറിയ ഇടവേളയില്‍ അപ്രതീക്ഷിതമായി തമിഴിലെത്തിയ വിശേഷങ്ങളും, സിനിമയ്ക്ക് തമിഴില്‍ ലഭിക്കുന്ന വലിയ സ്വീകാര്യതയും വരാനിരിക്കുന്ന മമ്മൂട്ടി പ്രോജക്റ്റിന്റെ ആവേശവും നിതീഷ് സഹദേവ് മനോരമ ഓണ്‍ലൈനിനോട് പങ്കുയ്ക്കുന്നു.

മമ്മൂക്കയുടെ ‘ബ്രേക്ക്’ മാറ്റിയത് നിതീഷിന്റെ കരിയര്‍

‘ഫാലിമി’ എന്ന ചിത്രം ഹോട്ട്സ്റ്റാറില്‍ തമിഴ് ഡബ്ബ് ആയി വന്നപ്പോള്‍ തമിഴില്‍ വലിയ റീച്ച് ലഭിച്ചിരുന്നു. അത് കണ്ടാണ് നടന്‍ ജീവയും വിടിവി ഗണേശും വിളിക്കുന്നത്. സത്യത്തില്‍ ഈ സിനിമയുടെ കഥ 2018ല്‍ മലയാളത്തില്‍ ചെയ്യാന്‍ കരുതിയിരുന്നതായിരുന്നു. ‘ഫാലിമി’ കഴിഞ്ഞ് ഒരു മമ്മൂക്ക പടം ഉണ്ടായിരുന്നു. അതിന്റെ പ്രീ-പ്രൊഡക്ഷന്‍ ഒക്കെ കഴിഞ്ഞ് ഷൂട്ടിങ്ങിന് ഒരു മാസം കൂടി ബാക്കിയുള്ളപ്പോഴാണ് മമ്മൂക്കയ്ക്ക് ഒരു 10 മാസത്തെ ബ്രേക്ക് വേണമെന്ന് പറഞ്ഞത്. ആ 10 മാസം വെറുതെ കളയണ്ടല്ലോ എന്ന് വിചാരിച്ചപ്പോഴാണ് ജീവയും തമിഴില്‍ നിന്ന് മറ്റു ചിലരും ഒരു സിനിമ ചെയ്യുന്നതിനെപ്പറ്റി ചോദിച്ചുകൊണ്ടിരുന്നത്. അങ്ങനെയാണ് ഈ കഥ തമിഴിന് പറ്റുന്ന രീതിയിലേക്ക് മാറ്റി ഈ തമിഴ് പ്രോജക്ടിലേക്ക് ഞാന്‍ കയറുന്നത്.

കല്യാണവീടിനും മരണവീടിനും ഇടയിലൊരു കൗണ്‍സിലര്‍

‘തലൈവര്‍ തമ്പി തലമയില്‍’ എന്ന് പറയുമ്പോള്‍, നമ്മുടെ നാട്ടിലെ ഒരു കൗണ്‍സിലര്‍ ഒക്കെ ഉണ്ടാവുമല്ലോ, അതുപോലത്തെ ഒരു ക്യാരക്ടറാണ് ജീവ അവതരിപ്പിക്കുന്നത്. പുള്ളി രണ്ട് വീടുകളുടെ ഇടയില്‍ പെട്ടുപോകുന്നതാണ് കഥ, അതായത് ഒരു കല്യാണത്തിന്റെയും ഒരു മരണത്തിന്റെയും ഇടയില്‍. പുള്ളിയുടെ ഒരു ഇമോഷനല്‍ റോളര്‍ കോസ്റ്റര്‍ റൈഡ് ആണ് ഈ പടം. ആ സാഹചര്യത്തില്‍ പുള്ളിക്ക് എന്ത് ചെയ്യണം എന്ന് അറിയാന്‍ പറ്റാത്ത അവസ്ഥയിലൂടെയാണ് കഥ പോകുന്നത്, അതാണ് പ്രമേയം.

തമിഴ് മണ്ണിലെ മലയാളി സിഗ്‌നേച്ചര്‍

ഈ സിനിമയുടെ കഥ നമ്മുടെ ഒരു രീതിക്ക് എഴുതിയതാണെങ്കിലും തമിഴിലേക്ക് എടുത്തപ്പോള്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും, സൂക്ഷ്മമായ ആ മലയാളി തനിമയോട് കൂടി തന്നെയാണ് ഞാന്‍ ഇത് ചെയ്തിരിക്കുന്നത്. സിനിമ കാണുമ്പോള്‍ ഇതൊരു മലയാളി ചെയ്ത പടമാണെന്ന ഫീല്‍ അവര്‍ക്ക് കിട്ടുന്നുണ്ട്, അത് അവര്‍ നന്നായി എന്‍ജോയ് ചെയ്യുന്നുമുണ്ട്. ഒരു മലയാളിയുടെ സിഗ്‌നേച്ചര്‍ ആ സിനിമയില്‍ ഉടനീളമുണ്ട്. സത്യത്തില്‍ മലയാളത്തില്‍ ഈ പടം ചെയ്തിരുന്നെങ്കില്‍ ഇത്രയും വരില്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ജീവ ഈ സിനിമയിലേക്ക് വന്നപ്പോള്‍ ആ സ്‌ക്രീനിന് ഒരു വലിയ വൈബ്രന്‍സിയും പോസിറ്റിവിറ്റിയും ലഭിച്ചു. ജീവ വെള്ള വസ്ത്രം ധരിച്ച് ഫ്രെയിമിലേക്ക് വരുമ്പോള്‍ തന്നെ സിനിമയുടെ മൂഡ് മാറുകയും പടം പകുതി ലിഫ്റ്റ് ആവുകയും ചെയ്യുന്നു. ആ ഒരു സപ്പോര്‍ട്ട് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് കിട്ടിയത് സിനിമയ്ക്ക് വലിയ ഗുണമായി.

തമിഴകത്തെ ഞെട്ടിച്ച പരീക്ഷണം

സിനിമയിലെ നായിക പ്രാര്‍ത്ഥന നാഥന്‍ ആണ്. ‘ലവ് ടുഡേ’, ‘പാര്‍ക്കിങ്’ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണത്. ഇതില്‍ ജീവ ഒഴികെ ബാക്കി മിക്കവാറും എല്ലാവരും പുതിയ ആളുകളാണ്, അവര്‍ക്ക് കൃത്യമായ സ്‌പേസ് നല്‍കിയിട്ടുണ്ട്. സിനിമയിലെ ഏറ്റവും വലിയ പുതുമയായി ഞാന്‍ കാണുന്നത് മാര്‍ത്താണ്ഡത്തുനിന്നുള്ള ഒരു കുടുംബത്തെ ഇതില്‍ ഉള്‍പ്പെടുത്തിയതാണ്. തമിഴ് സിനിമയില്‍ ഇതുവരെ വേണ്ടത്ര ഉപയോഗിച്ചിട്ടില്ലാത്ത നാഗര്‍കോവില്‍/മാര്‍ത്താണ്ഡം സ്ലാങ്ങ് ഈ സിനിമയില്‍ പൂര്‍ണ്ണമായി ഉപയോഗിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ സെലിബ്രിറ്റികളായ സുഭാഷ് സര്‍ജിനെയും കൂട്ടുകാരെയും ഒരു വലിയ കൂട്ടുകുടുംബമായി തന്നെ ഇതില്‍ കാസ്റ്റ് ചെയ്തു. അവര്‍ സംസാരിക്കുന്ന രീതിയും ആ സ്ലാങ്ങും തമിഴ് പ്രേക്ഷകര്‍ക്ക് തികച്ചും പുതിയൊരു അനുഭവമായിരുന്നു, അത് സിനിമയുടെ വിജയത്തില്‍ വലിയൊരു പങ്കുവഹിക്കുകയും ചെയ്തു.

തമിഴ് ഓഡിയന്‍സ് ഇപ്പോള്‍ വേറെ ലെവല്‍

തമിഴ് പ്രേക്ഷകര്‍ ഇപ്പോള്‍ നല്ല അപ്ഡേറ്റഡ് ആണ്. നമ്മള്‍ ഇവിടെ വിചാരിക്കുന്നത് പോലെ ആക്ഷന്‍ പടങ്ങള്‍ ചെയ്താലൊന്നും അവിടെ ഇപ്പോള്‍ വര്‍ക്കാവില്ല. കേരളത്തില്‍ ഇപ്പോള്‍ കണ്ടന്റ് ഓറിയന്റഡ് സിനിമകളേക്കാള്‍ ആളുകള്‍ക്ക് താല്പര്യം തിയറ്റര്‍ അനുഭവം നല്‍കുന്ന ആക്ഷന്‍ സിനിമകളോടാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ ഇപ്പോള്‍ അത് നേരെ തിരിച്ചാണ്. അവര്‍ കണ്ടന്റ് ഓറിയന്റഡ് സിനിമകളാണ് ഇപ്പോള്‍ നോക്കുന്നത്. കഴിഞ്ഞ വര്‍ഷം തമിഴില്‍ ഹിറ്റായ ഒരു പടം പോലും റിവഞ്ച് സ്റ്റോറിയോ മാസ്സ് ആക്ഷന്‍ പടമോ ആയിരുന്നില്ല. അതുകൊണ്ട് തന്നെ എന്റെ ഈ സിനിമ തമിഴില്‍ ഉറപ്പായും വര്‍ക്കാകും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. അത് അതുപോലെ സംഭവിച്ചു.

വിഷ്ണു വിജയിയുടെ മാജിക്

സിനിമയുടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്. അദ്ദേഹം ഈ സിനിമയില്‍ ഗംഭീരമായ വര്‍ക്കാണ് ചെയ്തിരിക്കുന്നത്. സിനിമയുടെ ഇമോഷനല്‍ റോളര്‍ കോസ്റ്റര്‍ മൂഡ് നിലനിര്‍ത്തുന്നതില്‍ സംഗീതത്തിന് വലിയ പങ്കുണ്ട്. വിഷ്ണു ഈ ചിത്രത്തിന് നല്‍കിയ സംഗീതം സിനിമയുടെ മൊത്തത്തിലുള്ള ഫീലിനെ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്.

ഇഷ്ടം തിരുവനന്തപുരത്തെ ശാന്തത

ഞാന്‍ ഒരു പക്കാ തിരുവനന്തപുരംകാരനാണ്, പാപ്പനംകോടാണ് എന്റെ സ്വദേശം. അച്ഛനും അമ്മയും പാറശാലക്കാരാണ്. അതുകൊണ്ട് തന്നെ തമിഴ് സംസ്‌കാരവുമായും ഭാഷയുമായും എനിക്ക് നല്ല ബന്ധമുണ്ട്. കൊച്ചിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ തിരുവനന്തപുരം തീര്‍ത്തും ശാന്തമാണ്. എനിക്ക് വൈകുന്നേരം ഒന്ന് കറങ്ങാനിറങ്ങാനും കവടിയാര്‍ വഴി പോയി ഒരു ചായ കുടിക്കാനുമൊക്കെ വലിയ ഇഷ്ടമാണ്. മമ്മൂക്ക പടത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ പോലും ഞാന്‍ ശാസ്തമംഗലത്താണ് ചെയ്തത്. ഭാര്യ ലക്ഷ്മി ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ഞങ്ങള്‍ക്ക് ഒരു മകളുണ്ട്.

വരുന്നത് മമ്മൂട്ടിയുടെ ഔട്ട് ആന്‍ഡ് ഔട്ട് എന്റര്‍ടെയ്‌നര്‍

മമ്മൂക്കയുമായുള്ള എന്റെ സിനിമ ഒരു കൊമേഴ്‌സ്യല്‍ ആസ്‌പെക്റ്റിലുള്ള പടമായിരിക്കും. തീര്‍ത്തും ആളുകളെ ആസ്വദിപ്പിക്കുന്നതിനു വേണ്ടിയുള്ള സിനിമയാണിത്. പക്ഷേ, നമ്മള്‍ ഇതുവരെ കണ്ടുശീലിക്കാത്ത രീതിയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അത് ആക്ഷന്‍ ആണെങ്കിലും മറ്റെന്താണെങ്കിലും നമ്മള്‍ ഇതുവരെ കാണാത്ത ഒരു രീതിയില്‍ ആണ് ചെയ്യുന്നത്. കുറെ നാളായല്ലോ മമ്മൂക്കയുടെ ഒരു ഔട്ട് ആന്‍ഡ് ഔട്ട് എന്റര്‍ടെയ്‌നര്‍ വന്നിട്ട്. അത്തരത്തിലുള്ള ഒന്നായിരിക്കും ഇത്. ടൈറ്റില്‍ ആയിട്ടുണ്ട്. പക്ഷേ മമ്മൂക്ക തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights