കൂര്‍ത്ത ചെവി, വലിയ കണ്ണുകള്‍, ഒമ്ബത് പല്ലുകള്‍: പുറത്തിറങ്ങി നാലു വർഷങ്ങൾക്ക് ശേഷം ഗ്ലോബൽ ട്രെൻഡിങ് ആയി ലുബുലു പാവകൾ; നേരം ഇരുട്ടി വെളുത്തപ്പോൾ ഉടമയെ ശത കോടീശ്വരനാക്കി മാറ്റിയ പാവക്കഥ ഇങ്ങനെ…

ലോകമെങ്ങും തരംഗമായി ‘ലബുബു’ പാവകള്‍. ‘അഗ്ലി ക്യൂട്ട്’ എന്ന് വിളിക്കപ്പെടുന്ന ഈ പാവകള്‍ക്ക് ആരാധകർ ഏറെയാണ് എന്നാണ് ട്രെൻഡുകള്‍ സൂചിപ്പിക്കുന്നത്. ചൈനീസ് കളിപ്പാട്ട നിർമ്മാതാക്കളായ പോപ്പ് മാർട്ടാണ് ഈ പാവകള്‍ പുറത്തിറക്കിയത്. പുറത്തിറങ്ങി നാല് വർഷത്തിനുശേഷമാണ് ഇവ പ്രചാരം നേടുന്നത്. അതോടെ വൻതോതില്‍ പാവകള്‍ വിറ്റഴിയുകയും പോപ്പ് മാർട്ട് ഇന്റർനാഷണലിന്റെ സ്ഥാപകനായ വാങ് നിങ്ങ് ചൈനയിലെ ഏറ്റവും ധനികരായ 10 ശതകോടീശ്വരന്മാരില്‍ ഒരാളായി മാറുകയും ചെയ്തിരിക്കയാണ് എന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

 

റിഹാന, ദുവ ലിപ, കിം കർദാഷിയാൻ എന്നീ സെലിബ്രിറ്റികള്‍ പോലും ഈ പാവയ്ക്ക് ആരാധകരായിട്ടുണ്ട്. അതേസമയം സാധാരണക്കാർക്കിടയിലും തരംഗം തന്നെ ലബുബു. ഷാങ്ഹായ് മുതല്‍ ലണ്ടൻ വരെ പലയിടങ്ങളിലും ഈ പാവകളെ സ്വന്തമാക്കാൻ വേണ്ടി ആളുകള്‍ ക്യൂ നില്‍ക്കുകയാണത്രെ. എന്തിനേറെ പറയുന്നു, അതിനായി വഴക്കുകള്‍ പോലും നടക്കുന്നുണ്ട് എന്നും റിപ്പോർട്ടുകള്‍ പറയുന്നു.

 

ലബുബു പാവകള്‍ അവയുടെ പേരും രൂപവും പോലെ തന്നെ അല്പം വിചിത്രമാണ്. ആ പേരിന് പോലും ഒരു അർത്ഥവുമില്ല. കാണാനും സാധാരണ പാവകളെ പോലെ അല്ല അവ ഇരിക്കുന്നത്. ഹോങ്കോങ്ങില്‍ നിന്നുള്ള ആർട്ടിസ്റ്റ് കാസിംഗ് ലുങ് സൃഷ്ടിച്ച ‘ദി മോണ്‍സ്റ്റേഴ്‌സ്’ ടോയ് സീരീസില്‍ ഒന്നാണ് ലബുബു.

 

വേറെയുമുണ്ട് ഇതിന് പ്രത്യേകത. കൂർത്ത ചെവികളും വലിയ കണ്ണുകളും ഒമ്ബത് പല്ലുകളും കാണിച്ച്‌ നില്‍ക്കുന്ന ഈ പാവകള്‍ ഇഷ്ടപ്പെട്ട രൂപത്തില്‍ വാങ്ങാൻ കസ്റ്റമേഴ്സിന് സാധിക്കില്ല. പകരം ഒരു ‘ബ്ലൈൻഡ് ബോക്സി’ലാണ് ഇത് കിട്ടുക. തുറന്നാല്‍ മാത്രമാണ് ഏത് രൂപമാണ് അകത്തുള്ളത് എന്ന് കാണാനാവുക. അതും ജെൻ സീക്കിടയിലും മില്ലേനിയലുകള്‍ക്കിടയിലും അടക്കം ഈ പാവകള്‍ പ്രിയപ്പെട്ടതായി തീരാൻ കാരണമായി മാറി.

 

ചൈനയിലാണ് കൊവിഡിന് പിന്നാലെ ലബുബു ശ്രദ്ധ നേടിയത്. കൊവിഡ് ആകെ മാനസികമായി തകർത്ത ആളുകള്‍ അവരുടെ ശ്രദ്ധ തിരിക്കാനും ആശ്വാസത്തിനുമായി ഒരേസമയം ക്യൂട്ടും അതേസമയം തന്നെ വിചിത്രമെന്ന് തോന്നുന്നതുമായ രൂപമുള്ള ലബുബുവിനെ കൂടെക്കൂട്ടി.എന്നാല്‍, പിന്നീട്, ഇത് മറ്റ് രാജ്യങ്ങളിലേക്കും ഒരു തരംഗമായി പടരുകയായിരുന്നു. പ്രായഭേദമന്യേ തന്നെ പലരും ലബുബുവിനെ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഈ പാവ ഇത്ര കണ്ട് തരംഗമായിത്തീരാൻ കൃത്യമായി കാരണം പറയാൻ സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights