സെക്രട്ടേറിയറ്റിന് സമീപത്തെ സ്പായില്‍ യുവതിക്ക് ദുരനുഭവം; അവധി ദിനത്തിലും പരിശോധനയ്ക്കെത്തി കോര്‍പറേഷന്‍, പൂട്ടിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തില്‍ പരിശോധന. സെക്രട്ടേറിയറ്റിനു സമീപത്തെ സ്പാ കേന്ദ്രത്തിലാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇവിടെ ജോലിക്കായി അഭിമുഖത്തിനു എത്തിയ യുവതിയോടു ഉടമ മോശമായി പെരുമാറിയെന്നറിഞ്ഞാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം യുവതിക്ക് മോശം അനുഭവമുണ്ടായെന്ന വിവരം അറിഞ്ഞെന്നും ഇതിനെ തുടര്‍ന്നാണ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയതെന്നും മേയര്‍ വി.വി. രാജേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

യുവതിക്ക് മോശം അനുഭവം ഉണ്ടായ വിവരം അറിഞ്ഞാണ് അവധി ദിനമായിട്ടും, ഞായറാഴ്ച സ്പായില്‍ മേയര്‍ പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെ അയച്ചത്. സ്പാ കേന്ദ്രങ്ങളുടെ വിവരം ശേഖരിക്കാന്‍ ഇന്ന് കോര്‍പറേഷന്‍ സെക്രട്ടറിയെയും വിളിച്ചുവരുത്തി നിര്‍ദേശം നല്‍കി. കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊലീസും ഞായറാഴ്ച വൈകിട്ട് നടന്ന പരിശോധനയില്‍ പങ്കെടുത്തു.

തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ സ്പാ കേന്ദ്രങ്ങളുടേയും ലൈസന്‍സ് പരിശോധിക്കാന്‍ മേയര്‍ വി.വി. രാജേഷ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വരും ദിനങ്ങളില്‍ തലസ്ഥാനത്തെ സ്പാകളില്‍ പരിശോധന നടത്തുമെന്ന് മേയര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്പാകളില്‍ ജോലി ചെയ്യുന്നവരുടെ വിവരങ്ങളും ശേഖരിക്കും. പൊലീസിന്റെ സഹകരണത്തോടെയാവും പരിശോധനകള്‍ നടത്തുകയെന്നും സ്ത്രീകള്‍ പുരുഷന്‍മാരെയും തിരിച്ചും മസാജ് ചെയ്യുന്ന ക്രോസ് മസാജിങ് അനുവദിക്കില്ലെന്നും മേയര്‍ പറഞ്ഞു.
അടുത്തിടെ തിരുവല്ലയില്‍ സ്പായില്‍ ജീവനക്കാരിയെ കാപ്പ കേസ് പ്രതിയും സംഘവും കൂട്ടബലാത്സംഗം ചെയ്ത സംഭവമുണ്ടായിരുന്നു. ഇതിനു ശേഷമാണ് തിരുവനന്തപുരത്തെ സ്പാ കേന്ദ്രങ്ങളിലും പരിശോധന കടുപ്പിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights