പൊലീസുകാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം; റിപ്പോര്‍ട്ട് തേടി സിറ്റി പൊലീസ് കമ്മീഷണര്‍

തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ പോലീസുകാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി സിറ്റി പൊലീസ് കമ്മീഷണര്‍. പൊലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തതില്‍ വിശദീകരണം നല്‍കാനും നിര്‍ദേശമുണ്ട്. ഔദ്യോഗിക ജോലിക്കിടയില്‍ ഉണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ പോലീസുകാരെ ആക്രമിക്കാന്‍ സമ്മതിക്കില്ലെന്നും പ്രതികരണമുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കുമെന്നാണ് വിവരം.ഇരുകൂട്ടരില്‍ നിന്നും പരാതി ലഭിച്ചു. ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനെന്ന് പരിശോധിക്കും. അടിയന്തരമായ നടപടി സ്വീകരിക്കും. ഡ്യൂട്ടിയുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരെ അനാവശ്യമായി ഉപദ്രവിച്ചാല്‍ അടിയന്തര നടപടി ഉണ്ടാകും. പൊലീസ് ഉദ്യോഗസ്ഥനെതിരെ മുന്‍കാലത്ത് പരാതി ലഭിച്ചിട്ടുണ്ട് അത് വിശദമായി പരിശോധിക്കും. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ പരാതിയിലും വൈകാതെ നടപടി സ്വീകരിക്കും – തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ കാര്‍ത്തിക് പറഞ്ഞു.ശംഖുമുഖത്ത് പുതുവത്സര ആഘോഷത്തിലെ സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ മിഥുന്‍ റോയ് മര്‍ദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തിരുവനന്തപുരത്തെ മാളില്‍ സഹോദരിയുമായി എത്തിയ മിഥുനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു,

മിഥുനും സഹോദരിക്കുമെതിരെ തടഞ്ഞു നിര്‍ത്തല്‍,അസഭ്യം പറയല്‍, മര്‍ദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ തുടങ്ങിയ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എന്നാല്‍, മര്‍ദ്ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്. നിയമപാലനം നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് പൊലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സിപിഐഎം ക്രിമിനല്‍ സംഘങ്ങളെ മുഖ്യമന്ത്രി ചേര്‍ത്ത് പിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights