പൂവാർ: പ്രവാസിയായ സുഹൃത്തിന്റെ വീട്ടിൽനിന്ന് സ്വർണം കവർന്ന സംഭവത്തിലെ മുഖ്യസൂത്രധാരനെ പോലീസ് പിടികൂടി. പൂവാർ തെക്കേത്തെരുവ് താഴത്തുവീട്ടിൽ നൗഷാദ്(42) ആണ് അറസ്റ്റിലായത്. ഇയാൾ പൂവാറിലെ ഒരു ബോട്ട് സർവീസിന്റെ പങ്കാളിയാണ്. കേസിലെ രണ്ടാംപ്രതിയാണ് നൗഷാദ്. ഒന്നാംപ്രതി ഒളിവിലാണ്. കഴിഞ്ഞ 28-ന് പൂവാർ ആശുപത്രിക്കു സമീപം ഷാജഹാൻ മൻസിലിൽ ഷാജഹാന്റെ വീട്ടിൽനിന്ന് 37 പവനാണ് മോഷ്ടിച്ചത്. നിരവധി മോഷണ കേസുകളിൽ പ്രതിയായ നൗഷാദ്, ഷാജഹാന്റെ സുഹൃത്താണ്. മോഷണം ആസൂത്രണംചെയ്ത ഇയാൾ സുഹൃത്ത് നൗഫലിനെ മോഷണം നടത്താനായി വിളിച്ചുവരുത്തുകയും താമസസൗകര്യമൊരുക്കുകയും ചെയ്‌തെന്ന് പോലീസ് പറയുന്നു. വീട്ടിൽ ആളില്ലാത്ത ദിവസം മോഷണം നടത്തിയശേഷം ഇവർ തമിഴ്‌നാട്ടിലേക്കു കടന്നു. കാഞ്ഞിരംകുളം എസ്.എച്ച്.ഒ. രതീഷിന്റെ നേതൃത്വത്തിലാണ് നൗഷാദിനെ പിടികൂടിയത്.
പ്രവാസിയുടെ വീട്ടിൽ ആളെവച്ച് മോഷണം നടത്തി: സുഹൃത്ത് പിടിയിൽ









