പോളിനെ ആന കൊന്നിട്ട് രണ്ടുകൊല്ലം, വാഗ്ദാനം പാലിക്കാതെ അധികൃതര്‍

 

പുല്‍പള്ളി: കുറുവാ ദ്വീപില്‍ താല്‍ക്കാലിക ജോലിക്കാരന്‍ ആയിരുന്ന പുല്‍പ്പള്ളി പാക്കം വെള്ളച്ചാലില്‍ പോളിനെ കാട്ടാന ആക്രമിച്ച കൊന്നിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും അധികൃതര്‍ കുടുംബത്തിന് നല്‍കിയ ഉറപ്പുകള്‍പാലിച്ചില്ല. 2024 ഫെബ്രുവരി 16നാണ് കുറവാ ദ്വീപില്‍ രാവിലെ ജോലിക്കിടെ കാട്ടാന പോളിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

ജില്ലാ ഭരണകൂടവും വനം വകുപ്പും കുടുംബത്തിന് രേഖാമൂലം ഒട്ടേറെ ഉറപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ടുതവണയായി 10 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിച്ചു. ഭാര്യയ്ക്ക് താല്‍ക്കാലിക ജോലിയും കുറുവാ ദ്വീപില്‍ നല്‍കി. എന്നാല്‍ മറ്റ് വാഗ്ദാനങ്ങള്‍ നടപ്പായില്ല. 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നതാണ്. ഇതിനുപുറമേ കുടുംബത്തിന്റെ കടങ്ങളും എഴുതിത്തള്ളുമെന്ന് പറഞ്ഞിരുന്നതായി പോളിന്റെ ഭാര്യ സാലി പറഞ്ഞു.

പോളിന്റെ മകളുടെ വിദ്യാഭ്യാസ ചെലവുകളും നല്‍കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും യാതൊന്നും പാലിക്കപ്പെട്ടിട്ടില്ല. പോളിന്റെ മകള്‍ സോന ഇത്തവണ പ്ലസ് ടു വിദ്യാര്‍ഥിയാണ്. തുടര്‍പഠനം സാധ്യമാകണമെങ്കില്‍ നല്ലൊരു തുക വേണ്ടിവരും. അമ്മക്ക് ലഭിക്കുന്ന തുച്ഛമായ കൂലി കൊണ്ട് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് മകള്‍ സോനയും പറയുന്നു. നഷ്ടപരിഹാരമായി ലഭിച്ച തുകയില്‍ കുറച്ച് ഉപയോഗിച്ചാണ് ചില ബാങ്കുകളിലെ കടങ്ങള്‍ അടച്ചത്. ഇനിയും കടം ബാക്കിയുണ്ട്.പോളിന്റെ മരണത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തിയിരുന്നു. അന്ന് നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിക്കപ്പെടാത്ത സങ്കടത്തിലാണ് കുടുംബനാഥനെ നഷ്ടപ്പെട്ട ഈ കുടുംബമുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights