ചേലേമ്പ്ര: ചേലൂപ്പാടം പ്രദേശത്ത് വാടകവീട്ടിൽനിന്നും വീടിനുമുന്നിൽ നിർത്തിയിട്ട കാറിൽനിന്നുമായി 525.153 ഗ്രാം എം.ഡി.എം.എ. പിടികൂടി.ചേലേമ്പ്ര പൈങ്ങോട്ടൂർ ചാത്തൻകാവ് ചോലയിൽ ചെട്ടിയാട്ടിൽ ഹാഷിഖി(26)നെ അറസ്റ്റ്‌ചെയ്തു. മലപ്പുറം എക്‌സൈസ് കേസ് രജിസ്റ്റർചെയ്തു.
മലപ്പുറം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘവും മലപ്പുറം എക്‌സൈസ് ഇൻസ്പെക്ടറും ഉത്തരമേഖലാ കമ്മിഷണർ സ്‌ക്വാഡ് അംഗവുമായ ടി. ഷിജുമോന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ഹാഷിഖ് താമസിക്കുന്ന വാടകവീട്ടിൽനിന്നും വീടിനുസമീപത്ത് നിർത്തിയിട്ട കാറിന്റെ ഡാഷ്‌ബോർഡിൽനിന്നുമായി എം.ഡി.എം.എ.യ്ക്കുപുറമേ, 2,25,840 രൂപയും മൂന്ന് മൊബൈൽ ഫോണുകളും ഡിജിറ്റൽ ത്രാസും കണ്ടെടുത്തു.
എക്‌സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മലപ്പുറം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്പെക്ടർ ജയേഷ്‌കുമാർ, ആസിഫ് ഇക്ബാൽ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സബീർ, സിവിൽ എക്‌സൈസ് ഓഫീസർ ധന്യ, പ്രവീൺ, അഖിൽദാസ്, സച്ചിൻദാസ്, വിനോദ്കുമാർ എന്നിവർചേർന്നാണ് ഇയാളെ പിടികൂടിയത്.
ഒരാഴ്ച മുൻപ് ചേലേമ്പ്ര കൊളക്കാട്ടുചാലി പരിസരത്തുനിന്ന് വിപണിയിൽ ഒരുകോടിയോളം രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി ദമ്പതിമാരടക്കം മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു.









