ചെറുതോണി: കോടയും വാറ്റുപകരണങ്ങളും പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ വാറ്റുകാരൻ വാക്കത്തിക്കൊണ്ട് ആക്രമിച്ചു. എക്സൈസ് ഉദ്യോഗസ്ഥന്റെ മുഖത്തും കണ്ണിനും കാൽമുട്ടിലും നെഞ്ചിലും പരിക്കേറ്റു. തങ്കമണി റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ലിജോ ഉമ്മനാണ് പരിക്കേറ്റത്. പ്രതി നാരക്കാനം തൈയിൽ തോമസി(65)നെ എക്സൈസ് പിടികൂടി. ഇയാളിൽനിന്ന് 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് സംഭവം. ഇടുക്കി എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.ഡി. സജീവ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തോമസിന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ വാക്കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇൻസ്പെക്ടർ ലിജോ ഉമ്മന് ആക്രമണത്തിൽ പരിക്കേറ്റതോടെ മറ്റ് ഉദ്യോഗസ്ഥർ ഇയാളെ കീഴ്‌പ്പെടുത്തി.









